കണ്ണൂർ: മാടായി കോളജിലെ വിവാദ നിയമനവുമായി ബന്ധപെട്ട് കോൺഗ്രസിൽ ഉരുണ്ടുകൂടിയ പോര് തെരുവിലേക്കും വ്യാപിച്ചതോടെ സമരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ബുധനാഴ്‌ച രാവിലെ പയ്യന്നൂരിൽ നാഷണൽ ഖാദി ലേബർ യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടന്ന കെ പി കുഞ്ഞികണ്ണൻ അനുസ്‌മരണ യോഗത്തിലാണ് സംഘർഷങ്ങള്‍ക്ക് തുടക്കമാകുന്നത്.
പരിപാടി നടക്കുന്ന പയ്യന്നൂർ ഒപിഎം ഓഡിറ്റോറിയത്തിൽ എത്തിയ മാടായി കോളജ് ഡയറക്‌ടറും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമായ കെ ജയരാജിനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിൽ ഇടപെട്ടതോടെ കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം ആകാശ് ഭാസ്‌കറിനെ ഒരു വിഭാഗം മർദിക്കുകയായിരുന്നു. ജയരാജ് വന്നപ്പോൾ തന്നെ പ്രതിഷേധവുമായി ചില പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധമുണ്ടെന്നും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും ചിലർ പറഞ്ഞു.
പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ് ജയരാജ് പിന്തിരിഞ്ഞു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. തുടര്‍ന്ന് തിരിച്ച് പോകാൻ ഒരുങ്ങുന്നതിനിടെയാണ് കെ പി രാജേന്ദ്രകുമാർ, ടിവി ഉണ്ണികൃഷ്‌ണൻ, കാച്ചേരി രമേശ്, രാജേഷ് ഇട്ടമ്മൽ തുടങ്ങിയവർ ചേർന്ന് ജയരാജിനെ തടഞ്ഞ് മാടായി കോളജ് വിഷയം വീണ്ടും ഉന്നയിക്കുന്നത്.
ഡിസിസി തീരുമാനം മാടായി കോളജ് നിയമന കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ പ്രവർത്തകരുടെ വികാരം പരിഗണിച്ച് കോളജ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് രാജിവച്ചതായി ജയരാജ് പറഞ്ഞെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. തുടർന്ന് പാർട്ടിയിൽ നിന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് രാജിവച്ച രാജേന്ദ്രകുമാറിന് എന്താണ് വിഷയത്തിൽ കാര്യം എന്ന് ജയരാജ് തിരിച്ചു ചോദിച്ചു.
ഇതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഉന്തിലും തള്ളിലും ഇരുവിഭാഗത്തിൽ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. പ്രശ്‌നം കൂടുതൽ വഷളാകും മുമ്പ് മറ്റ് പ്രവർത്തകർ ചേർന്ന് പ്രശ്‌നക്കാരെ അനുനയിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ ജയരാജ് കെപിസിസിക്കും ഡിസിസിക്കും പരാതി നൽകി.
പഴയങ്ങാടിയിലെ സംഘര്‍ഷം: ബുധനാഴ്‌ച (ഡിസംബര്‍ 11) വൈകിട്ട് എംകെ രാഘവൻ എംപി അനുകൂലികൾ പ്രകടനം നടത്താനായി എത്തിയതോടെയാണ് പഴയങ്ങാടിയിൽ സംഘർഷം ഉണ്ടായത്. പ്രകടനം നടത്തിയാൽ തടയുമെന്ന് നിയമനത്തെ എതിർക്കുന്ന കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. ഇതേ ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.
പിന്നീട് ഇത് കയ്യാങ്കളിയില്‍ എത്തി. പ്രവർത്തകരെ പിടിച്ചു മാറ്റാനുള്ള ശ്രമം നടന്നെങ്കിലും പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. രാത്രിയോടെയാണ് പയ്യന്നൂർ കോൺഗ്രസ് മന്ദിരത്തിൽ പ്രതിഷേധക്കാർ എംകെ രാഘവനെതിരെ പോസ്റ്റർ ഒട്ടിച്ചത്.
പഠിക്കാൻ സമിതി: നിയമന വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പരസ്യ പ്രതിഷേധം തുടരുന്നതിനിടെയാണ് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചത്. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെപിസിസി സെക്രട്ടറി കെ ജയന്ത്, എറണാകുളത്തെ കോൺഗ്രസ് നേതാവ് അബ്‌ദുൽ മുത്തലിബ് എന്നിവർ അടങ്ങിയതാണ് സമിതി. വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി കെപിസിസിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മുതിർന്ന നേതാവും എംപിയുമായ എംകെ രാഘവനെതിരെ കടുത്ത പ്രതിഷേധമാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. പ്രവർത്തകരുടെ പരസ്യ നിലപാടിനെതിരെ എംകെ രാഘവൻ എഐസിസി, കെപിസിസി നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം തണുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നത്
പോര് എങ്ങോട്ട്?: വിഷയം പഠിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചെങ്കിലും നിയമപരമായി നിയമനത്തെ റദ്ദാക്കാനോ മറ്റു തുടർ നടപടി എടുക്കാനോ കഴിയില്ലെന്നാണ് നിയമ വിദഗ്‌ധർ പറയുന്നത്. അത് നിയമനത്തെ എതിർത്തു സമരം ചെയ്യുന്നവർക്കും അറിയാം. എങ്കിലും പ്രതിഷേധത്തെ മുന്‍നിർത്തി അണികളെ പിടിച്ചു നിർത്താനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്.
വിഷയം പരസ്യ പോരിലേക്കും കോലം കത്തിക്കലിലേക്കും എത്തിയതോടെ ഐ ഗ്രൂപ്പ് എ എന്ന സംവിധാനത്തിലേക്ക് പോരിന്‍റെ തലം മാറുകയാണ്. തുടക്കം മുതൽ എ ഗ്രൂപ്പിനൊപ്പം നിലയുറപ്പിച്ച നേതാവാണ് എംകെ രാഘവൻ. എംകെ രാഘവനെ ചെരുപ്പ് കൊണ്ട് അടിച്ചതും കോലം കത്തിച്ചതും ശരിയല്ലെന്ന നിലപാടിലാണ് എംകെ രാഘവനെ അനുകൂലിക്കുന്നവരുടേത്.
പക്ഷേ പ്രവർത്തകരുടെ വികാരത്തിന്‍റെ പുറത്താണ് അത്തരം പ്രതിഷേധത്തിലേക്ക് പോയതെന്നാണ് സമരക്കാർ പറയുന്നത്. പ്രധാനമായും സമരക്കാരെ പിന്തുണയ്ക്കുന്നത് കണ്ണൂർ ഡിസിസിയാണ്. കണ്ണൂർ ഡിസിസി എന്നത് കെ സുധാകരന്‍റെ സ്വന്തം തട്ടകവും. അതുകൊണ്ടു തന്നെ കെ സുധാകരൻ ഇതുവരെയും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
യഥാർഥത്തിൽ കെ സുധാകരനെ അനുകൂലിക്കുന്ന സംഘം അവരുടെ ഗ്രൂപ്പ് വളർത്താനുള്ള പോരാട്ടമായി ഇതിനെ കാണുക കൂടിയാണ് ചെയ്യുന്നതെന്നാണ് നേതാക്കൾ പറയാതെ പറയുന്നത്. തങ്ങളാണ് യഥാർഥ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നും അടി കൊള്ളാൻ തങ്ങളും ജോലി വാങ്ങാൻ സിപിഎംകാരുമെന്ന മുദ്രാവാക്യത്തിലൂടെ യുവനിരയെ കൂടി ലക്ഷ്യമിട്ടാണ് ഐ ഗ്രൂപ്പിന്‍റെ നീക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെപിസിസി പുനസംഘടന വേണോ വേണ്ടയോ എന്ന ചർച്ച നിലനിൽക്കുമ്പോഴാണ് കണ്ണൂരിലെ മാടായി കോളജിൽ ഉടലെടുത്ത പ്രശ്‌നം എന്നതും ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ കെ സുധാകരൻ തന്‍റെ ശക്തി പരമാവധി ഉയർത്താൻ നോക്കുകയും ചെയ്യും. സ്വന്തം തട്ടകത്തിൽ തന്‍റെ ശക്തി വർധിപ്പിക്കുന്നതിലൂടെ കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനം നിലനിർത്താൻ കൂടിയാണ് ഈ പോരാട്ടത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
Also Read: മാടായി കോളജിലെ നിയമന വിവാദം, എം കെ രാഘവനെതിരെ പ്രതിഷേധം ശക്തം