കോഴിക്കോട്: എൽപിജി സിലിണ്ടർ ഉപഭോക്താക്കൾക്കായുള്ള ബയോമെട്രിക് വെരിഫിക്കേഷൻ കർശനമാക്കാനൊരുങ്ങി ഗ്യാസ് ഏജൻസികൾ. പ്രാരംഭ ഘട്ടത്തിൽ നടപടി ക്രമങ്ങൾ കർശനമാക്കില്ലെങ്കിലും വരും മാസങ്ങളിൽ എല്ലാ ഉപഭോക്താക്കളും അന്തിമ പരിശോധനയ്‌ക്ക് വിധേയരാകേണ്ടി വരുമെന്ന് കോഴിക്കോട് ഭാരത് ഗ്യാസ് എജൻസി അധികൃതർ അറിയിച്ചു. വെരിഫിക്കേഷൻ നടപ്പിലാക്കാൻ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്ര സർക്കാർ തീരുമാനിച്ചനം വന്നതോടെ ഏജൻസികൾ പ്രാരംഭ നടപടികൾ തുടങ്ങി.
ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പിലാക്കാൻ സർക്കാർ അന്തിമ സമയപരിധി അറിയിച്ചിട്ടില്ല. എന്നാൽ വാർത്തകൾ പരന്നതോടെ ഉപഭോക്താക്കൾ ഏജൻസികളിൽ വന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. ബയോമെട്രിക് വെരിഫിക്കേഷൻ സുഗമമാക്കുന്നതിന് ഗ്യാസ് ഏജൻസി ഓഫിസുകളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, രോഗികളും മുതിർന്ന പൗരന്മാരും ഉൾപ്പടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്താൻ സിലിണ്ടർ വിതരണക്കാരെ പരിശീലിപ്പിക്കുന്നുമുണ്ടെന്ന് ഏജൻസി അധികൃതർ അറിയിച്ചു.
എൽപിജി സിലിണ്ടറുകളുടെ യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ബയോമെട്രിക് പരിശോധന കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്. യഥാർഥ ഗുണഭോക്താക്കളുടെ മരണത്തിന് ശേഷവും നിരവധി പേർ കണക്ഷനുകൾ ദുരുപയോഗപ്പെടുത്തുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബയോമെട്രിക് വെരിഫിക്കേഷൻ കർശനമാക്കുന്നത്. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ സംയുക്തമായി ഈ നടപടികൾ നടപ്പിലാക്കാൻ തുടങ്ങി.
ബയോമെട്രിക് പരിശോധനയ്ക്കുള്ള ഘട്ടങ്ങൾ:
- ആധാർ കാർഡും പാചക വാതക കണക്ഷൻ ബുക്കുമായി ഏജൻസി ഓഫിസ് സന്ദർശിക്കുക.
- ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഫിംഗർപ്രിൻ്റ് അല്ലെങ്കിൽ ഐറിസ് സ്‌കാൻ നടത്തുക.
- തുടർന്ന രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശം ലഭിക്കും.
പാചക വാതക കമ്പനികളുടെ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചും ബയോമെട്രിക് വെരിഫിക്കേഷൻ നടത്താം. ഇതിന് മൊബൈൽ ആപ്ലിക്കേഷനും ആധാറിന്‍റെ മുഖം തിരിച്ചറിയൽ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.