പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി ഇടിച്ചു കയറി വന്‍ അപകടം. നാല് കുട്ടികള്‍ മരിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലാണ് അപകടമുണ്ടായത്. സിമന്‍റുമായി പോയ ലോറി കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. സ്‌കൂള്‍ വിട്ട് വരികയായിരുന്ന അഞ്ച് പെണ്‍കുട്ടികളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞു. ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറി.
ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി പുറത്തെടുത്ത വിദ്യാര്‍ത്ഥികളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് കുട്ടികളുടെ മൃതദേഹം തച്ചമ്പാറ ഈസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടേത് മദര്‍ കെയര്‍ ആശുപത്രിയിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. ലോറി ഡ്രൈവർമാർ ചികിത്സയിലാണ്. രണ്ട് ഡ്രൈവര്‍മാരാണ് ലോറിയിലുണ്ടായിരുന്നത്.
സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. ജില്ലാകളക്‌ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടവും സ്ഥലം എംഎല്‍എ ശാന്തകുമാരിയും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി. ഒരുവീടിന്‍റെ മതില്‍ തകര്‍ത്താണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന സിമന്‍റും പ്രദേശത്ത് പൊട്ടിവീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളായി ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ പാതയിലെ അശാസ്‌ത്രീയത മൂലം ഈ ഭാഗം അപകട കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയ പാതയില്‍ പ്രതിഷേധിച്ചു. മുന്‍പ് ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരുടെ പ്രതിഷേധം തുടരുകയാണ്.
ഇക്കഴിഞ്ഞ ജൂലൈയിൽ നിയമസഭയില്‍ സ്ഥലം എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ റോഡ് നിര്‍മാണത്തിലെ അശാസ്‌ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. മഴക്കാലത്ത് ഇവിടെ അപകടങ്ങള്‍ കൂടുതലാണ്. ജനങ്ങള്‍ ഇവിടെ ആക്ഷന്‍ കമ്മിറ്റികളും രൂപീകരിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ദേശീയപാത അതോറിറ്റിയാണ് വിഷയം പരിഹരിക്കേണ്ടത്. സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന സുരക്ഷ മുന്നറിയിപ്പ് ചെയ്‌തിട്ടുണ്ടെന്ന് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് പൊതുമരാമത്ത് മന്ത്രി മറുപടി നല്‍കി. ദേശീയ പാത അതോറിറ്റിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇതുവരെയും യാതൊരു നടപടികളും എടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നില്ല. സംഭവത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.
Also Read:ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം