തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക പുറത്ത്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിനാണ് കെ. മുരളീധരൻ ഒരുങ്ങുന്നത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം, തൃശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ (Congress candidate list).
മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലെത്തും. സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്നുള്ള ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരന്‍ വീണ്ടും മത്സരിക്കും. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.
സിറ്റിങ് എംപിമാര്‍ : തിരുവനന്തപുരത്ത് ശശി തരൂരും, ആറ്റിങ്ങലിൽ അടൂർ പ്രകാശും, പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിയും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും, എറണാകുളത്ത് ഹൈബി ഈഡനും, ഇടുക്കിയിൽ ഡീൻ കുര്യാക്കോസും, ചാലക്കുടിയിൽ ബെന്നി ബെഹനാനും, പാലക്കാട് വികെ ശ്രീകണ്‌ഠനും, ആലത്തൂരിൽ രമ്യ ഹരിദാസും, കോഴിക്കോട് എംകെ രാഘവനും, കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും മത്സരിക്കും.
യു ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
തിരുവനന്തപുരം - ശശി തരൂര്‍ (കോണ്‍ഗ്രസ് ).സിറ്റിംഗ് എം പി. തിരുവനന്തപുരത്ത് ഹാട്രിക് കുറിച്ച സ്ഥാനാര്‍ഥിക്ക് നാലാമങ്കം. ഐക്യരാഷ്ട്ര സഭ അസിസ്റ്റന്‍റ് സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിശ്വപൗരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, ഗവേഷകന്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം. പാലക്കാട് സ്വദേശി. 67 വയസ്.
ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ് (കോണ്‍ഗ്രസ്) .സിറ്റിംഗ് എംപി. ആറ്റിങ്ങലില്‍ രണ്ടാം തവണ ജനവിധി തേടുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി. പത്തനംതിട്ട, കോന്നിയില്‍ നിന്നും തുടര്‍ച്ചയായി നാല് തവണ നിയമസഭാംഗം. ഉമ്മന്‍ചാണ്ടി, ആന്‍റണി മന്ത്രിസഭകളില്‍ ആരോഗ്യ മന്ത്രി, റവന്യു മന്ത്രി, ഭക്ഷ്യപൊതുവിതരണ മന്ത്രി എന്നീ പദവികള്‍ വഹിച്ചു. പത്തനംതിട്ട, അടൂര്‍ സ്വദേശി. 72 വയസ്.
പത്തനംതിട്ട -ആന്‍റോ ആന്‍റണി (കോണ്‍ഗ്രസ്).സിറ്റിംഗ് എം പി. പത്തനംതിട്ടയില്‍ നിന്നും ജനവിധി തേടുന്നത് നാലാം തവണ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതി അംഗം, കോട്ടയം ഡി സി സി പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം, പാലാ, മൂന്നിലവ് സ്വദേശി. 66 വയസ്.
ഇടുക്കി-ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്). സിറ്റിംഗ് എം പി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടുക്കിയില്‍ നിന്നും ജനവിധി തേടുന്നത് മൂന്നാം തവണ. എറണാകുളം, ഐക്കരനാട് സ്വദേശി. 42 വയസ്.
ആലപ്പുഴ - കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്). രാജ്യസഭാംഗം. എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി. ഇന്ത്യ മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം, കേന്ദ്ര വ്യോമയാന സഹമന്ത്രി, കേന്ദ്ര ഊര്‍ജ സഹമന്ത്രി, സംസ്ഥാന ടൂറിസം മന്ത്രി, ദേവസ്വം മന്ത്രി എന്നീ പദവികള്‍ വഹിച്ചു. സ്‌കൂള്‍ പഠന കാലത്ത് കണ്ണൂര്‍ ജില്ല ജൂനിയര്‍ വോളിബോള്‍ ക്യാപ്റ്റനും കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍ സ്വദേശി. 61 വയസ്.
മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്). ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് എട്ടാം തവണ. കെ എസ് യു സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര നിര്‍വാഹക സമിതി അംഗം, രണ്ടാം യു പി എ സര്‍ക്കാരില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി, എ ഐ സി സി അംഗം, കെ പി സി സി വര്‍ക്കിംഗ് വൈസ് പ്രസിഡന്‍റ്, എ ഐ സി സി പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം, വെമ്പായം, കൊടിക്കുന്നില്‍ സ്വദേശി. 61 വയസ്.
എറണാകുളം - ഹൈബി ഈഡന്‍ (കോണ്‍ഗ്രസ്). സിറ്റിംഗ് എം പി. മുന്‍ കോണ്‍ഗ്രസ് നേതാവും എം പി യും എം എല്‍ എ യുമായിരുന്ന ജോര്‍ജ് ഈഡന്‍റെ മകന്‍. എറണാകുളത്ത് ഇത് രണ്ടാം തവണ. കെ എസ് യു സംസ്ഥാന പ്രസിഡന്‍റും എന്‍ എസ് യു വിന്‍റെ ദേശീയ പ്രസിഡന്‍റുമായിരുന്നു. എറണാകുളത്ത് നിന്നുള്ള നിയമസഭാംഗമായിരിക്കെയാണ് കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. എറണാകുളം സ്വദേശി. 40 വയസ്.
ചാലക്കുടി - ബെന്നി ബെഹന്നാ ന്‍(കോണ്‍ഗ്രസ്).സിറ്റിംഗ് എം പി. കെ പി സി സി ജനറല്‍ സെക്രട്ടറിയും യു ഡി എഫ് കണ്‍വീനറുമായിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡി സി സി പ്രസിഡന്‍റ്, എ ഐ സി സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാംഗവുമായിരുന്നു. എറണാകുളം, വെങ്ങോല സ്വദേശി. 71 വയസ്.
തൃശൂര്‍ - കെ മുരളീധരന്‍ (കോണ്‍ഗ്രസ്). ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് എട്ടാം തവണ. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകന്‍. കെ പി സി സി വൈസ് പ്രസിഡന്‍റും കെ പി സി സി പ്രസിഡന്‍റുമായിരുന്നു. തൃശൂര്‍ സ്വദേശി. 66 വയസ്.
ആലത്തൂര്‍ - രമ്യ ഹരിദാസ് (കോണ്‍ഗ്രസ്). സിറ്റിംഗ് എം പി. കേരളത്തില്‍ നിന്നും ഏക വനിത-ദളിത് എം പി. കെ പി സി സി അംഗം, അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് നേതാവ്, കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് സ്വദേശി. 38 വയസ്.
പാലക്കാട് - വി കെ ശ്രീകണ്‌ഠന്‍ (കോണ്‍ഗ്രസ്).സിറ്റിംഗ് എം പി. പാലക്കാട് ഡി സി സി പ്രസിഡന്‍റ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ പി സി സി സെക്രട്ടറി, കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി. 54 വയസ്.
കോഴിക്കോട് - എം കെ രാഘവന്‍ (കോണ്‍ഗ്രസ്). സിറ്റിംഗ് എം പി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി. കോഴിക്കോട് നിന്നും ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത് നാലാം തവണ. പാലക്കാട് ഡിവിഷന്‍ റെയില്‍വേ മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍ സ്വദേശി. 71 വയസ്.
വടകര - ഷാഫി പറമ്പില്‍ (കോണ്‍ഗ്രസ്). പാലക്കാട് എം എല്‍ എ. കെ എസ് യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍സ്ര് സംസ്ഥാന പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു. പാലക്കാട് നിന്ന് നിയമസഭയിലേക്ക് ഹാട്രിക് വിജയം നേടി. മികച്ച വാഗ്മി. പാലക്കാട്, പട്ടാമ്പി സ്വദേശി. വയസ് 41.
വയനാട് - രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്). സിറ്റിംഗ് എം പി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് അഞ്ചാം തവണ. എന്‍ എസ് യു ഐ ചെയര്‍പേഴ്‌സണ്‍, യൂത്ത് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍, എ ഐ സി സി പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു.53 വയസ്.
കണ്ണൂര്‍ - കെ സുധാകരന്‍ (കോണ്‍ഗ്രസ്). സിറ്റിംഗ് എം പി. കെ പി സി സി പ്രസിഡന്‍റ്, കണ്ണൂര്‍ ഡി സി സി പ്രസിഡന്‍റ്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ നിന്നും ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത് മൂന്നാം തവണ. കണ്ണൂര്‍ സ്വദേശി. 75 വയസ്.
കാസര്‍കോട് - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്). കാസര്‍കോട് നിന്ന് ജനവിധി തേടുന്നത് രണ്ടാം തവണ. കെ പി സി സി ജനറല്‍ സെക്രട്ടറി, കെ പി സി സി വൈസ് പ്രസിഡന്‍റ്, കെ പി സി സി വക്താവ്, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. കൊല്ലം, കിള്ളികൊള്ളൂര്‍ സ്വദേശി. വയസ് 70.