ഇടുക്കി: ലോക്‌സഭ തെരെഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ഇടുക്കിയിലെ ലാന്‍റ് ഫ്രീഡം മൂവ്‌മെന്‍റ് . തെരഞ്ഞെടുപ്പിൽ നിഷ്‌പക്ഷ നിലപാടെന്ന് ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്‌മെന്‍റ് ചെയര്‍മാന്‍ സണ്ണി പൈമ്പള്ളി വ്യക്തമാക്കി. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളില്‍ ഉള്‍പ്പടെ ശക്തമായ സമരങ്ങള്‍ നടത്തുകയും സര്‍ക്കാരിനെതിരെ രംഗത്ത് വരികയും ചെയ്‌ത കര്‍ഷക, വ്യാപാരി കൂട്ടായ്‌മയാണ് ലാന്‍റ് ഫ്രീഡം മൂവ്‌മെന്‍റ്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂട്ടായ്‌മയുടെ നിലപാട് നിര്‍ണ്ണായകമാകുമെന്നായിരുന്നു വിലയിരുത്തല്‍. പട്ടയ വിഷയങ്ങളിലും വന്യ ജീവി ആക്രമണങ്ങളിലും സംഘടന ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. പലപ്പോഴും സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളായിരുന്നു സമിതി ഉന്നയിച്ചത്.
തെരഞ്ഞെടുപ്പില്‍ ലാന്‍റ് ഫ്രീഡം മൂവ്‌മെന്‍റ് സമിതി സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. എന്നാൽ സമിതിയിലെ എല്ലാ സംഘടനകള്‍ക്കും അംഗങ്ങള്‍ക്കും അവരുടേതായ നിലപാട് സ്വീകരിയ്ക്കാമെന്നും പൊതുവായ നിലപാടില്ലെന്നും സമിതി ചെയർമാൻ വ്യക്തമാക്കി.
ലാന്‍റ് ഫ്രീഡം മൂവ്‌മെന്‍റിന് നേതൃത്വം നല്‍കുന്ന വ്യാപാരി വ്യവസായി സമിതിയും നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രത്യേക രാഷ്ട്രീയമില്ലെങ്കിലും ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനായുള്ള സമരങ്ങള്‍ തുടരുമെന്നും സമിതി അറിയിച്ചു.