കോഴിക്കോട്: വടകരയിൽ അടവും തടവും മാറ്റി പയറ്റി ഇടത് വലത് മുന്നണി സ്ഥാനാർഥികള്‍. തന്‍റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുന്നു എന്ന പരാതി ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും, ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്‌ത് ചേർത്ത് പ്രചരിപ്പിക്കുന്നെന്നും അധിക്ഷേപങ്ങൾക്ക് യുഡിഎഫ് സ്ഥാനാർഥി കൂട്ടുനിൽക്കുന്നുവെന്നും കാണിച്ച് ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ് പി, ജില്ലാ കളക്‌ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. മാർച്ച് 27 ന് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല, അപമാനിക്കൽ തുടരുകയുമാണ്. ആഭ്യന്തര വകുപ്പിൽ നിന്ന് നടപടി വൈകുന്നതിലെ അതൃപ്‌തിയാണ് യഥാർത്ഥത്തിൽ തൊണ്ടയിടറി പരാതി പറയാൻ വീണ്ടും ശൈലജ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ കാരണം.
എന്നാൽ ഇതിനെ ചെറുക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കള്ളവോട്ടിനെ ആയുധമാക്കി. വടകര പാർലമെന്‍റ് മണ്ഡലത്തിലെ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്‌തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.
ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണം. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു.
പാനൂർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും, എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ശൈലജയുടെ പരാതിയിൽ വിശദീകരണം നൽകാൻ യുഡിഎഫ് എംഎൽഎമാരായ കെ കെ രമയും ഉമാ തോമസും രംഗത്തെത്തുന്നുണ്ട്.
ALSO READ: ശൈലജ ടീച്ചറല്ല, ഇത് കെകെ ശൈലജ; ഏതായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാമെന്ന് അപര സ്ഥാനാര്‍ഥി