തിരുവനന്തപുരം: പതിറ്റാണ്ടുകളായി ഉള്ളിലൊളിപ്പിച്ച ആഗ്രഹം പൂര്‍ത്തീകരിച്ച് തെക്കേ ഇന്ത്യയില്‍ കേരളവും തങ്ങള്‍ക്ക് ബാലികേറാമലയല്ലെന്നു തെളിയിക്കുകയാണ് ബിജെപി. കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനം പിടിക്കുകയും കേരള തലസ്ഥാനം പിടിക്കുമെന്ന പ്രതീതി സൃഷ്‌ടിക്കുകയും ചെയ്‌തു കൊണ്ടാണ് കേരളത്തില്‍ കളം പിടിക്കുന്നതെന്നതാണ് ബിജെപിയുടെ കേരള ഗാഥയുടെ തിളക്കമേറ്റുന്നത്.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പരിഹസിച്ചിടത്തു നിന്ന് സുപ്രധാനമായ തൃശൂര്‍ സീറ്റു പിടിച്ചുകൊണ്ട് കേരളത്തിലും കുതിപ്പിന് തുടക്കമിടുകയാണ് ബിജെപി. 2025 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പും 2026 ലെ നിയമസഭ തെരഞ്ഞെടുപ്പുമായിരിക്കും ബിജെപിയുടെ ലക്ഷ്യമെന്ന കാര്യം ഉറപ്പായി.
തുടക്കം മുതല്‍ ക്രമാനുഗതമായി ലീഡുയര്‍ത്തിയാണ് സുരേഷ് ഗോപി തൃശൂര്‍ എടുത്തത്. പതിയെ ലീഡ് നില ഉയര്‍ത്തി തുടങ്ങിയ സുരേഷ് ഗോപി പടിപടിയായി ഭൂരിപക്ഷം ഉയര്‍ത്തി എട്ടു റൗണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ലീഡ് 70,085 ആയി ഉയര്‍ത്തുകയായിരുന്നു.
തിരുവനന്തപുരത്ത് തുടക്കത്തില്‍ അനുനിമിഷം മാറി മറിഞ്ഞ ലീഡുനില നാലാം റൗണ്ടു മുതല്‍ രാജീവ് ചന്ദ്രശേഖര്‍ അനുകൂലമാക്കുകയായിരുന്നു. 23,288 വോട്ടുവരെ ബിജെപി സ്ഥാനാര്‍ത്ഥി ലീഡുയര്‍ത്തിയ ശേഷം പിന്നോട്ടു പോകുകയായിരുന്നു. അവിടെ അന്തിമ വിജയം നേടാന്‍ ബിജെപിക്കായില്ലെങ്കിലും മികച്ച പോരാട്ടം കാഴ്‌ചവച്ചെന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തിന്‍റെ പ്രഭാരിയായി പ്രകാശ് ജാവ്‌ദേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം കൂടിയായി കേരളത്തിലെ ബിജെപിയുടെ കന്നി വിജയത്തെ വിലയിരുത്താം. കേരളത്തിലെ ബിജെപിക്കുള്ളിലെ പടലപിണക്കങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ജാവ്‌ദേക്കര്‍ കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് കേന്ദ്രത്തിന്‍റെ ഉപദേശമനുസരിച്ച് കേരളത്തിലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു.
തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട് മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളാക്കി പ്രത്യേക ശ്രദ്ധ കൊടുത്തായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രദ്ധേയ മത്സരം കാഴ്‌ചവച്ചതു മുതല്‍ തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപിയെ മുന്നില്‍ നിർത്തിയുള്ള ബിജെപിയുടെ കരുനീക്കങ്ങളുടെ വിജയം കൂടിയായി തൃശൂരിലെ തെരഞ്ഞെടുപ്പു വിജയം വിലയിരുത്തപ്പെടുന്നു. മാത്രമല്ല, സുരേഷ് ഗോപിയെന്ന വ്യക്തിയുടെ തിളക്കമാര്‍ന്ന വ്യക്തിത്വം മുതലാക്കാന്‍ കൂടി ബിജെപിക്കു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഒ രാജഗോപാലിനൊഴിച്ച് കേരളത്തിലെ പരമ്പരാഗത ബിജെപി മുഖങ്ങളായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവര്‍ക്കൊന്നും കരസ്ഥമാക്കാനാകാത്ത ഒരു തെരഞ്ഞെടുപ്പു വിജയമാണ് പത്ത് വര്‍ഷം മുന്‍പു മാത്രം ബിജെപി സഹയാത്രികനായി എത്തിയ സുരേഷ് ഗോപിയിലൂടെ ബിജെപി സാധ്യമാക്കിയിരിക്കുന്നത്.
ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയിക്കാനായില്ലെങ്കിലും കേന്ദ്രമന്ത്രി വി മുരളീധരനും ശോഭാ സുരേന്ദ്രനും രണ്ടു മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ലീഡ് നില 23,288 വരെ ഉയര്‍ത്തിയെങ്കിലും പരമ്പരാഗത കോണ്‍ഗ്രസ് മേഖലകളായ കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ തരൂര്‍ കളം പിടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നേമം നിയമസഭ മണ്ഡലത്തില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ തിരുവനന്തപുരം ലോക്‌സഭ സീറ്റ് ബിജെപി സ്വപ്‌നമായി കൊണ്ടു നടക്കുകയാണെങ്കിലും ഇക്കുറിയും അത് സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്. പക്ഷേ വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജമായി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം മാറ്റാനായിരിക്കും ബിജെപി നേതൃത്വത്തിന്‍റെ ശ്രമം എന്നതിന് സംശയമില്ല.
Also Read: