വയനാട് : വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വിജയം കൊയ്‌ത് കോൺഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയേയും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനേയും പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും മണ്ഡലത്തിൽ രാഹുൽ ഗാന്ധി എംപി സ്ഥാനം നിലനിർത്തിയത്.
രാഹുൽ ഗാന്ധിയുടെ എതിരാളിയായി മത്സരിച്ച ആനി രാജയ്‌ക്ക് 2,80,331 വോട്ടുകളാണ് ലഭിച്ചത്. അതേസമയം 1,39,677 വോട്ടുമായി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലാണ് ആദ്യമായി വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. അന്ന് വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജയിച്ചു കയറിയിരുന്നു.
ഇത്തവണ രാഹുൽ ഗാന്ധിക്ക് എതിരായി മത്സരിക്കുന്നത് സിപിഐ നേതാവ് ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ്. കഴിഞ്ഞ തവണ നാല് ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ മണ്ഡലത്തിൽ വിജയിച്ചത്.
ഇത്തവണ എൽഡിഎഫിന് വേണ്ടി മുതിർന്ന സിപിഐ നേതാവ് ആനി രാജയാണ് കളത്തിൽ ഇറങ്ങിയത്. രാഹുൽ ഗാന്ധിയെ പോലെ ഒരു ദേശീയ നേതാവിനെ നേരിടാൻ ദേശീയ തലത്തിൽ മികവ് തെളിയിച്ച വനിതാസ്ഥാനാർഥിയെ രംഗത്തിറക്കാൻ സിപിഐ മുതിർന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വയനാട് പാർലമെൻ്റ് സീറ്റിലെ ആകെ വോട്ടർമാർ ഏകദേശം 1359679 ആണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെൻ്റ് സീറ്റിൽ 80.37 ആയിരുന്നു പോളിങ്. 2019 ലെ 80.31 ശതമാനത്തിനെ അപേക്ഷിച്ച് ഇത്തവണ വോട്ടിങ് വയനാട്ടില്‍ കുറഞ്ഞിട്ടുണ്ട്.
73.57% പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2014 ലെ 73.25 ശതമാനത്തോട് ഏതാണ്ട് അടുത്ത് നില്‍ക്കുന്ന പോളിങ്. എന്നാല്‍ പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വല്ലാതെ കുറഞ്ഞിട്ടില്ല. ആകെയുള്ള 14,62,423 വോട്ടര്‍മാരില്‍ 10,75,921 പേര്‍ ബൂത്തിലെത്തി. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്‌ത വോട്ട് 10,89,899 ആയിരുന്നു.