ചാലക്കുടി: ചാലക്കുടിയില്‍ സിറ്റിങ് എംപിയായ ബെന്നി ബെഹ്‌നാന് വീണ്ടും ജയം. വോട്ടെണ്ണെലിന്‍റെ തുടക്കത്തിലൊന്ന് പതറിയെങ്കിലും 63,754 വോട്ടിന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. സി രവീന്ദ്രനാഥായിരുന്നു ബെന്നി ബെഹ്‌നാന്‍റെ മുഖ്യ എതിരാളി. എന്‍ഡിഎയെ പ്രതിനിധീകരിച്ച് കെഎ ഉണ്ണികൃഷ്‌ണനും മത്സര രംഗത്തുണ്ടായിരുന്നു.
3,94,171 വോട്ടുകള്‍ ബെന്നി ബെഹ്‌നാന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 3,30,417 വോട്ടുകളും എന്‍ഡിഎയ്‌ക്ക് ലഭിച്ചത് 1,05, 642 വോട്ടുകളുമാണ്. വിജയം നേടിയെങ്കിലും ചാലക്കുടിയില്‍ ഇത്തവണ ബെന്നി ബെഹ്‌നാന്‍റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 1,32,274 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹ്‌നാന്‍ വിജയിച്ചത്. ഇത്തവണ ഇതിന്‍റെ പകുതി പോലും ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല.
ചാലക്കുടിയിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരുന്നു. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍ തൃശൂരിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളും ചേരുന്നതാണ് ചാലക്കുടി മണ്ഡലം. രാഷ്‌ട്രീയത്തിലെ പല കരുത്തന്മാരും ഒരുപോലെ വാഴുകയും വീഴുകയും ചെയ്‌ത ചാലക്കുടി മണ്ഡലത്തില്‍ നിന്നും ഇത്തവണ ആരാകും ലോക്‌സഭയിലേക്ക് എത്തുക എന്നതില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ടാണ് ബെന്നി ബെഹ്‌നാന്‍ തന്‍റെ സീറ്റ് നിലനിര്‍ത്തിയത്.
വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി വോട്ടു തേടിയത്. യുഡിഎഫ് തരംഗത്തില്‍ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ സി.രവീന്ദ്രനാഥിനെ പോലെ ജനപ്രീതിയുള്ള സ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് മത്സരിപ്പിച്ചത്. സാധാരണക്കാരന്‍റെ ഇമേജുള്ള രവീന്ദ്രനാഥിന്‍റെ ഭരണരംഗത്തെ മികവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ പരോക്ഷ പിന്തുണ ലഭിച്ചതും ഇടതുപാളയത്തിലെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ബെഹ്‌നാന്‍റെ വിജയം.
Also Read: ആലപ്പുഴയില്‍ കനല്‍ കെട്ടു: മണ്ഡലം തിരിച്ചുപിടിച്ച് വേണുഗോപാല്‍; ലീഡ് 63513