തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 4 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 5ന് സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രിൽ 8 ആണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് ദിനം സംസ്ഥാനത്ത് പൊതു അവധിയാണ്. കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്കാണ് ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. അതേസമയം നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്‌ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, ഏപ്രിൽ 1 തീയതികളിൽ പത്രിക സമർപ്പിക്കാനാകില്ല.
ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർമാർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ 26ന് പൊതു അവധി, സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും ബാധകമായിരിക്കും.
വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും കൊമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്മെന്‍റ് ആക്‌ടിന്‍റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 പാർലമെന്‍ററി മണ്ഡലങ്ങള്‍ക്കുള്ള ഗസറ്റ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ജമ്മു കശ്‌മീർ, കർണാടക, കേരളം, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മണിപ്പൂർ (ഔട്ടർ) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഏപ്രില്‍ 26ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.