കണ്ണൂര്‍: പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ചായ നല്‍കിയാല്‍ പിടി വീഴുന്ന നാടുണ്ട് കേരളക്കരയിലെന്ന് എത്രപേര്‍ക്കറിയാം. കണ്ണൂര്‍ ജില്ലയിലെ കൊച്ചു കേന്ദ്രഭരണ പ്രദേശമായ മാഹി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. രാജ്യമെങ്ങും ലോക്‌സഭ തെരഞ്ഞടുപ്പിനുള്ള ആരവമുയരുമ്പോള്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകള്‍ക്കിടയിലെ കൊച്ചു കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ തെരഞ്ഞെടുപ്പിന്‍റെ വലിയ ഘോഷമൊന്നുമില്ല.
തൊട്ടപ്പുറം കേരളത്തില്‍ ഒട്ടും മോശമല്ലാത്ത രീതിയില്‍ പ്രചാരണം പൊടി പൊടിക്കുകയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. അധികാരത്തിലേറാന്‍ പാര്‍ട്ടികളും നേതാക്കളും പരസ്‌പരം കടുത്ത മത്സരം. എങ്ങും സ്ഥാനാര്‍ഥികളുടെ ബഹു വര്‍ണ പോസ്റ്ററുകള്‍. ചിഹ്നങ്ങളും തോരണങ്ങളും. രാവിലെ വീട്ടില്‍ നിന്നിറങ്ങി രാത്രി വൈകും വരെയും പ്രചാരണം. ഇതെല്ലാം തെരഞ്ഞെടുപ്പ് കാലത്തെ നിത്യ കാഴ്‌ചകളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് മാഹിയിലെ ചിത്രം. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കടുത്ത നിയന്ത്രണങ്ങള്‍ അക്ഷരം പ്രതി പാലിച്ച് തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് കേരളത്തോട് ചേര്‍ന്നു കിടക്കുന്ന മാഹി.
ഇവിടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ കണി കാണാന്‍ പോലുമില്ല.2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പോസ്റ്ററുകള്‍ ചിലയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം അവരുടെ തലഭാഗം വെട്ടി മാറ്റി തിരിച്ചറിയാത്ത വിധമാക്കി. എന്നാല്‍ ഇത്തവണ ഒരു രാഷ്ട്രീയ മുന്നണിയും ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല.
കൂപ്പു കൈയോടെ നേതാക്കള്‍ ചിരിക്കുന്ന ഫോട്ടോകള്‍ ഒന്നും മാഹിയില്‍ കാണില്ല. പുതുച്ചേരി പൊതു സ്ഥലം വികൃതമാക്കല്‍ നിയമപ്രകാരം എല്ലാം പരസ്യങ്ങളും നീക്കം ചെയ്‌തു കഴിഞ്ഞു. പാര്‍ട്ടിയുടേയോ മുന്നണിയുടേയോ യോഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിച്ച ലഘു ലേഖകളും നല്‍കുന്നതിന് വിലക്കുണ്ട്. യോഗങ്ങള്‍ ചേരുന്ന സ്ഥലവും പങ്കെടുക്കുന്ന നേതാക്കളുടെ വിവരങ്ങളും അതാത് വരണാധികാരിയെ അറിയിക്കണം.
പൊതു പരിപാടികളില്‍ ഇനി മുതല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കെടുക്കുവാന്‍ പാടില്ല. വോട്ടെടുപ്പ് കഴിയും വരെ സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ സാധിക്കൂ. മതപരമായ ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സ്‌റ്റേജിലിരുന്ന് പങ്കെടുക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് വിലക്കുണ്ട്. രാഷ്ട്രീയേതര യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെങ്കില്‍ വരണാധികാരിയില്‍ നിന്നും അനുമതി വാങ്ങണം. ലംഘിച്ചാല്‍ നടപടി ഉറപ്പ്.
പുതുച്ചേരി ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമായ മാഹിയില്‍ ഏപ്രില്‍ 19നാണ് വോട്ടെടുപ്പ് . സ്വകാര്യ സ്ഥലങ്ങളില്‍ പോലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളോ മറ്റോ പതിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് മാഹിയില്‍. പൊതു സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചട്ടമനുസരിച്ച് 6 അടി നീളവും 4 അടി വീതിയുമുള്ള ബാനറുകളും ഒന്നര അടി നീളവും ഒരടി വീതിയുമുള്ള പോസ്റ്ററുകളും കൊടികളും മുന്‍കൂര്‍ അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിക്കാം.സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥലമുടമകളില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങി പോസ്റ്ററും ബാനറും സ്ഥാപിക്കാമെങ്കിലും ഇതേ വരെ പാര്‍ട്ടികളാരും അതിന് മുതിര്‍ന്നിട്ടില്ല.
എന്തിന് അധികം പറയണം പാര്‍ട്ടി യോഗങ്ങളില്‍ ചായ നല്‍കുന്നതിന് വരെ വിലക്കുണ്ട്. കേരളത്തിലേത് പോലെ ചായയും പലഹാരവും നല്‍കിയാല്‍ മാഹിയില്‍ തെരഞ്ഞടുപ്പ് കമ്മിഷന്‍റെ പിടിവീഴും. എന്നാല്‍ വെള്ളത്തിനും സംഭാരത്തിനും ഇളവുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കുടുംബയോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. പാര്‍ട്ടി യോഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ അടങ്ങിയ ലഘുലേഖകള്‍ പോലും നല്‍കാന്‍ കഴിയില്ല. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയുള്ള പ്രചാരണം പിടികൂടാനും പ്രത്യേക സംഘത്തിന്‍റെ പരിശോധനയുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംഎല്‍എമാര്‍ എന്നിവര്‍ സാധാരണ പൗരന്മാരാണ്. ആര്‍ക്കും വിഐപി പരിവേഷമില്ല. മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും എംഎല്‍എമാരുടേയും ചിത്രങ്ങള്‍ എല്ലാം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്‌തു കഴിഞ്ഞു.
രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഇക്കാലയളവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനും പാടില്ല. സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ പിടിഎ അംഗങ്ങള്‍ക്ക് പോലും സ്റ്റേജില്‍ കയറാനാകില്ല. വേദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം. രാഷ്ട്രീയ പാര്‍ട്ടികള്‍ പണിതതായാല്‍ പോലും വെയിറ്റിങ് ഷെഡ്ഡുകളിലും സ്‌തൂപങ്ങളിലും തെരഞ്ഞെടുപ്പ് പരസ്യങ്ങളിലും നേതാക്കളുടെ ഫോട്ടോ വയ്‌ക്കുന്നതിനും അനുമതിയില്ല.
31,008 വോട്ടര്‍മാരാണ് മാഹിയിലുള്ളത്. 14,357പുരുഷ വോട്ടര്‍മാരും 16,653 സ്ത്രീ വോട്ടര്‍മാരും. ചട്ടങ്ങളെല്ലാം കര്‍ശനമായി നടപ്പാക്കുമെന്ന് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ റീജിയണല്‍ അഡ്‌മിനിസ്ട്രേറ്റര്‍ മോഹന്‍ കുമാര്‍ പറഞ്ഞു. 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ശാരീരിക വൈകല്യമുള്ളവർ, കൊവിഡ് ബാധിതർ എന്നിവർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും.
അതിർത്തികളിൽ 6 ചെക്ക് പോസ്റ്റുകളും ഫ്ലൈയിങ് സ്വകാഡുകളും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് രീതിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ തെരഞ്ഞെടുപ്പ് മലയാളികള്‍ക്ക് കൗതുകമാവുകയാണ്.