കാസർകോട് : ലോക്‌സഭ കാസർകോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി നാമനിർദേശ പത്രിക സമർപ്പിച്ചു. മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന് ശേഷം ബിസി റോഡിൽ നിന്നും എൻഡിഎ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ എത്തിയാണ് ജില്ല കലക്‌ടർ ഇമ്പശേഖറിനു പത്രിക നൽകിയത്.
സംസ്ഥാനത്ത് എൻഡിഎയുടെ ആദ്യ നാമനിർദേശ പത്രിക സമർപ്പിച്ചത് എംഎൽ അശ്വിനിയാണ്. സംസ്ഥാന സെക്രട്ടറിമാരായ കെ ശ്രീകാന്ത്, കെ രഞ്ജിത്, കാസർകോട് ലോക്‌സഭ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം നാരായണ ഭട്ട്, ബിജെപി ജില്ല പ്രസിഡൻ്റ രവീശ തന്ത്രി കുണ്ടാർ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായാണ് അശ്വിനി എത്തിയതെങ്കിലും പെട്ടെന്ന് തന്നെ കളം പിടിച്ചു. മൂന്നാം ഘട്ട പ്രചാരണത്തിലേക്ക് നടക്കുകയാണ്. വൊർക്കാടി കൊട്‌ലമൊഗറിലെ പി ശശിധരന്‍റെ ഭാര്യയായ അശ്വിനി ജനിച്ചതു ബെംഗളൂരു മദനനായകഹള്ളിയിലാണ്. നഴ്‌സറി അധ്യാപികയായ ഇവർ 2021 ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.
ഏഴ് വർഷം വൊർക്കാടി സെന്‍റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിൽ അധ്യാപികയായിരുന്ന അശ്വിനി ജോലി രാജിവച്ചാണ് പൊതു രംഗത്തേക്കിറങ്ങിയത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 807 വോട്ടുകൾക്കു വിജയിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. കടമ്പാർ ഡിവിഷനിൽ നിന്നായിരുന്നു മത്സരിച്ചത്. പൂർണ ആത്മവിശ്വാസത്തോടെയാണ് താൻ മത്സരിക്കുന്നതെന്നും എല്ലാവരിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും അശ്വിനി പറഞ്ഞു.