തിരുവനന്തപുരം: വോട്ടെണ്ണല്‍ സമയത്തിനായി കൗണ്ട് ഡൗണ്‍ തുടങ്ങിയതോടെ ആകാംക്ഷയും ഒപ്പം അങ്കലാപ്പിലുമാണ് മൂന്നു മുന്നണികളും. 2019-ല്‍ നേടിയ 47.5 ശതമാനം വോട്ടും 19 സീറ്റും നിലനിര്‍ത്തുക എന്നതാണ് യുഡിഎഫിന്‍റ വെല്ലുവിളിയെങ്കില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടിയില്‍ നിന്ന് തലയൂരുക എന്നതാണ് എല്‍ഡിഎഫിനു മുന്നിലുള്ള വെല്ലുവിളി.
അതേസമയം ചരിത്രത്തിലെ ഉയര്‍ന്ന പോളിംഗ് ശതമാനം നേടിയ 2019-ലെ തെരഞ്ഞെടുപ്പില്‍ നിന്ന് പോളിംഗ് ശതമാനത്തെ സീറ്റെണ്ണമായി ഉയര്‍ത്തുക എന്ന വെല്ലുവിളിയാണ് ബിജെപിക്കു മുന്നിലുള്ളത്. എല്ലാത്തിനും നാളെ ഉച്ചയക്കു മുന്‍പ് ഉത്തരമാകും. രാജ്യത്ത് വീണ്ടും എന്‍ഡിഎ സര്‍ക്കാരെന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളുമ്പോഴും 19 സീറ്റുകള്‍ വരെ ലഭിക്കുമെന്ന അതേ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയാണ് യുഡിഎഫ്.
അതേസമയം തങ്ങള്‍ പരമാവധി മൂന്ന് നാല് സീറ്റുകളിലൊതുങ്ങുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ എല്‍ഡിഎഫ് മുഴുവനായും തള്ളുന്നു. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ തങ്ങള്‍ക്ക് 1 മുതല്‍ മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്നത് ബിജെപി സംസ്ഥാന നേതൃത്വത്തെ മാത്രമല്ല, ദേശീയ നേതൃത്വത്തെയും ആഹ്ളാദത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ പ്രതീക്ഷ അവസാനം നിരാശയ്ക്ക് വഴി വയ്ക്കുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനില്ലാതില്ല.
ബിജെപി വോട്ട് വിഹിതം ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടും എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന് 2019 ല്‍ തിരിച്ചടിയേറ്റിരുന്നു . എന്‍ഡിഎ അവരുടെ വോട്ട് വിഹിതം 9 ശമാനത്തില്‍ നിന്ന് 15.6 ശതമാനമാക്കി വര്‍ധിപ്പിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസഥാനത്തെ 20 ല്‍ 19 ഉം യുഡിഎഫ് നേടി. കഴിഞ്ഞ തവണ എന്‍ഡിഎയുടെ വോട്ടു വിഹിതത്തിന്‍റെ വര്‍ധന ശരിക്കും തകര്‍ത്തത്ത് എല്‍ഡിഎഫിനെയായിരുന്നു. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോലുമുണ്ടായത് നേതൃത്വത്തെപ്പോലും അമ്പരപ്പിച്ച തിരിച്ചടിയായിരുന്നു. ഇത്തവണ അത്ര തിരച്ചടി സിപിഎം പ്രതീക്ഷിക്കുന്നില്ല.
ALSO READ: തരൂര്‍ത്തുടര്‍ച്ചയോ അട്ടിമറിയോ, അനന്തപുരിയുടെ അമരത്താര് ? - Thiruvananthapuram Constituency
ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ജയം എല്‍ഡിഎഫ് ഉറപ്പിക്കുമ്പോള്‍ തൃശൂരും വടകരയും ഒരു പക്ഷേ കാസര്‍കോടും മാവേലിക്കരയും കൂടി ജയിച്ച് അഭിമാനാര്‍ഹമായ ജയം ഉണ്ടാകുമെന്ന അന്തിമ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 15 സീറ്റ് ഉറപ്പിക്കുന്ന യുഡിഎഫ് ആറ്റിങ്ങല്‍, മാവേലിക്കര, കണ്ണൂര്‍, കാസര്‍കോട്, ആലത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മത്സരം കടുത്തതായിരുന്നു എന്നും സമ്മതിക്കുന്നുണ്ട്.
സംഘടനാ സംവിധാനവും ഈ മണ്ഡലങ്ങളില്‍ അതീവ ദുര്‍ബ്ബലമായിരുന്നെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. എങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരവും കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ എന്ന കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ആഗ്രഹവും ഒരുമിക്കുമ്പോള്‍ ട്വന്‍റി-ട്വന്‍റി ലഭിച്ചാലും അത്ഭുതപ്പെടേണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.
ALSO READ: ഹാട്രിക് 'പ്രേമലു'വോ, താരത്തിളക്കമോ, കൊല്ലത്തിന്‍റെ കരുത്തനാര് ? - Kollam Lok Sabha Constituency
അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ 10 വര്‍ഷക്കാലത്തെ പ്രകടനവും നരേന്ദ്രമോദി പ്രഭാവും കേരളത്തിലെ ജനങ്ങളില്‍ ഒരു മാറ്റം പ്രകടമാണെന്ന വിലയിരുത്തലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ സീറ്റുകളില്‍ വിജയിക്കാമെന്നും ആലപ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ബിജെപി.
ചില സര്‍വേകള്‍ എല്‍ഡിഎഫിന് ഒരു സീറ്റും ലഭിക്കില്ലെന്നു പ്രവചിക്കുമ്പോഴും ബിജെപിക്ക് സീറ്റു ലഭിക്കുമെന്ന് പറയുന്നത് എല്‍ഡിഎഫ് ക്യാമ്പില്‍ ഭീതിയുടെ കരിനിഴല്‍ പരത്തിയിട്ടുണ്ട്. എല്ലാ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കും ഇനി മണിക്കൂറിന്‍റെ ആയുസ് മാത്രം. നാളെ രാവിലെ 8 മണിമുതല്‍ ആകാംഷയ്ക്കും അങ്കലാപ്പിനും അറുതി വരുത്തികൊണ്ട് വോട്ടെണ്ണല്‍ ആരംഭിക്കും.