തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന മാതൃക പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലയിങ് സ്ക്വാഡ്, സ്‌റ്റാറ്റിക് സർവയെലൻസ് ടീം, രണ്ട് വീതം ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡ്, ഒന്ന് വീതം വീഡിയോ സർവെയലൻസ് ടീം എന്നിവയെ നിയോഗിച്ചതായി ജില്ല കലക്‌ടർ അറിയിച്ചു.
സ്‌റ്റാറ്റിക് സർവെയലൻസ് ടീം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാർച്ച് 28 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും പ്രഖ്യാപനം വന്നയുടൻ സജീവമായെന്നും അറിയിച്ചു. 78 സ്ക്വാഡുകൾ ജില്ലയിൽ പരിശോധനയ്ക്കായി 24 മണിക്കൂറും പ്രവർത്തനത്തിനുണ്ട്. മാതൃക പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നിന് ജില്ലാതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (ടോൾ ഫ്രീ നമ്പർ.1950) പ്രവർത്തനക്ഷമമാണെന്നും ജില്ല കലക്‌ടർ അറിയിച്ചു.
സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരാതി നൽകാൻ സാധിക്കും. മാതൃക പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടികൾ/തോരണങ്ങൾ/പോസ്‌റ്ററുകൾ മുതലായവ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓഫിസ് മേലധികാരികൾക്കും തദ്ദേശ സ്വയംഭരണ മേധാവികൾക്കും നിർദേശം നൽകിയതായും അറിയിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ (റെയിൽവേ സ്‌റ്റേഷൻ/ബസ് സ്‌റ്റാൻഡ്/ഇലക്ട്രിക്/ടെലിഫോൺ പോസ്‌റ്റ്/സർക്കാർ ബസ് മുതലായവ) അനധികൃതമായി സ്ഥാപിച്ച കൊടികൾ/തോരണങ്ങൾ/പോസ്‌റ്ററുകൾ 48 മണിക്കൂറിനകവും നിയമപരമല്ലാതെ സ്വകാര്യ വസ്‌തുവഹകളിൽ സ്ഥാപിച്ചിട്ടുളളവ 72 മണിക്കൂറിനകവും നീക്കം ചെയ്യാനും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്‌ടർ നിർദേശം നൽകി.