കോഴിക്കോട്: കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭ നിയോജക മണ്ഡലം. 2008ലെ മണ്ഡല പുനഃക്രമീകരണത്തിലാണ് മലപ്പുറം ലോക്‌സഭ മണ്ഡലം രൂപീകൃതമായത്. 2001ലെ ജനസംഖ്യ കണക്ക് അനുസരിച്ച് നടത്തിയ മണ്ഡല പുനർനിർണയത്തോടെ ഇല്ലാതായത് മഞ്ചേരി മണ്ഡലമാണ്.
2009ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റും അന്നത്തെ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് വിജയിച്ചു. സിപിഎം നേതാവ് ടി കെ ഹംസയെ 1,15,597 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പാർലമെന്‍റിൽ എത്തിയ അഹമ്മദ് രണ്ടാം വട്ടവും മന്ത്രിയായി.
![Malappuram Lok Sabha Constituency Lok Sabha election 2024 parliament election മലപ്പുറം ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11-03-2024/20786710_dgg.png)
2014-ലെ തെരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവർത്തിച്ചു. ഭൂരിപക്ഷം 1,94,739 ആയി വർധിച്ചു. എംപിയായി തുടരവേ 2017 ഫെബ്രുവരി 1ന് ഇ അഹമ്മദ് അന്തരിച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.
ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,71,038 വോട്ടുകൾക്കായിരുന്നു വിജയം. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം 2,60,153 ആയി ഉയർത്തി. നിയമസഭയിലേക്ക് ജനവിധി തേടാൻ വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് മലപ്പുറം ഒരിക്കൽ കൂടി ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു.
![Malappuram Lok Sabha Constituency Lok Sabha election 2024 parliament election മലപ്പുറം ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11-03-2024/20786710_ppp.png)
വർഷം | വിജയി | പാർട്ടി |
2009 | ഇ അഹമ്മദ് | മുസ്ലീം ലീഗ് |
2014 | ||
2017 | പി കെ കുഞ്ഞാലിക്കുട്ടി | മുസ്ലീം ലീഗ് |
2019 | ||
2021 | അബ്‌ദുസമദ് സമദാനി | മുസ്ലീം ലീഗ് |
2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ 6ന് മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പും നടത്തി. മെയ് 2ന് നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലത്തോടൊപ്പം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനവും വന്നു. തെരഞ്ഞെടുപ്പിൽ മുൻ രാജ്യസഭ എംപികൂടിയായിരുന അബ്‌ദുസമദ് സമദാനി 1,14,615 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മലപ്പുറത്തിന്‍റെ എം പിയായി തുടരുന്നു.
![Malappuram Lok Sabha Constituency Lok Sabha election 2024 parliament election മലപ്പുറം ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/11-03-2024/20786710_rrtg.png)
2009ല്‍ മണ്ഡല പുനർ നിര്‍ണയത്തിലൂടെ മഞ്ചേരി ലോക്‌സഭ മണ്ഡലം ഇല്ലാതായത് വരെയുളള കണക്കിൽ നാല് തവണ വീതം മുസ്ലീം ലീഗിലെ ഇബ്രാഹിം സുലൈമാൻ സേട്ടും ഇ അഹമ്മദും എംപിമാരായിട്ടുണ്ട്. 1977 മുതൽ 91 വരെ സേട്ടിയിരുന്നെങ്കിൽ തുടർന്ന് 2004 വരെ അഹമ്മദായിരുന്നു. എന്നാൽ 2004ൽ കേരളം ഞെട്ടിയ ഒരു അട്ടിമറിക്ക് മഞ്ചേരി സാക്ഷിയായി.
മഞ്ചേരി | ||
വർഷം | വിജയി | പാർട്ടി |
1977 | ഇബ്രാഹിം സുലൈമാൻ സേട്ട് | മുസ്ലീം ലീഗ് |
1980 | ||
1984 | ||
1989 | ||
1991 | ഇ അഹമ്മദ് | മുസ്ലീം ലീഗ് |
1996 | ||
1998 | ||
1999 | ||
2004 | ടി കെ ഹംസ | സിപിഎം |
സിപിഎം സ്ഥാനാർഥിയായിരുന്ന ടി കെ ഹംസ ചെങ്കൊടി പാറിച്ച് പതിനാലാം ലോക്‌സഭയിൽ എത്തി. 47,743 വോട്ടിന്‍റേതായിരുന്നു ഭൂരിപക്ഷം. ഇ അഹമ്മദ് പക്ഷേ പൊന്നാനിയിൽ നിന്ന് വീണ്ടും സേഫായി ലോക്‌സഭയിലെത്തി. ഹംസയുടെ പ്രഹരമേറ്റത് കെപിഎ മജീദിനും.
പകരം നിലവിൽ വന്ന മലപ്പുറത്ത് 2009ലും ടി കെ ഹംസ തന്നെയായിരുന്നു എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. എന്നാൽ ആ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ ഇ അഹമ്മദിനോട് ഹംസ പരാജയപ്പെട്ടു. 1,15,597 വോട്ടിനായിരുന്നു തോറ്റത്. അതേസമയം, തന്നെ തോല്‍പ്പിക്കാനായി മുസ്ലീം ലീഗും കോണ്‍ഗ്രസും കണ്ടെത്തിയ വഴിയാണ് മണ്ഡല പുനര്‍നിര്‍ണയമെന്നായിരുന്നു ഹംസ അന്ന് പ്രതികരിച്ചത്.
'മണ്ഡല പുനര്‍നിര്‍ണയം നടത്തിയാണ് ഒടുവില്‍ അവര്‍ എന്നെ തോല്‍പ്പിച്ചത്. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിനും ലീഗിനുമുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് മണ്ഡലം പുനഃസംഘടിപ്പിച്ചു. മഞ്ചേരിയില്‍നിന്ന് എനിക്ക് വോട്ടുകിട്ടിയിരുന്ന എല്ലാ മണ്ഡലങ്ങളും മാറ്റി. ലീഗിന്‍റെ കോട്ടകള്‍ കൂട്ടി. അങ്ങനെ പൊന്നാനിയില്‍നിന്ന് അഹമ്മദ് ഇങ്ങോട്ടെത്തി. അഹമ്മദ് വരുന്നുണ്ടെന്ന് കരുതി പേടിച്ച് ഓടേണ്ടതില്ലല്ലോ എന്നുകരുതി ഞാന്‍ വീണ്ടും മത്സരിച്ചു'- അന്ന് ഹംസ പറഞ്ഞു.
മലപ്പുറം ഇന്ന് ലീഗിന്‍റെ ഉരുക്ക് കോട്ടയാണ്. അട്ടിമറി നടക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം.