കോഴിക്കോട്: മാറാൻ ആഗ്രഹമുണ്ടെങ്കിലും മനസില്ല എന്ന് പറയുന്ന ഒരു ലോക്‌സഭ മണ്ഡലമുണ്ടെങ്കിൽ അത് മലപ്പുറമാണ്. ലീഗിന്‍റെ ഉരുക്കുകോട്ട. മഞ്ചേരി എന്നറിയപ്പെട്ടിരുന്ന, 1957 മുതൽ തുടർച്ചയായി മുസ്‌ലിം ലീഗിനെ മാത്രം ലോക്‌സഭയിലേക്ക് ജയിപ്പിച്ച് വിട്ട ലീഗിന്‍റെ സീറ്റ്. 2004-ൽ ഒരു തവണ സിപിഎം ജയിച്ചിട്ടുണ്ടെന്നത് ഒഴിച്ചാൽ മലപ്പുറത്ത് നിന്ന് ലീഗിന്‍റെ ബാനറിൽ അല്ലാതെ ആരും ഇതുവരെ ലോക്‌സഭയിൽ എത്തിയിട്ടില്ല.
1,14,692 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച അബ്‌ദുസമദ് സമദാനിയെ ഇത്തവണ പൊന്നാനിയിലേക്ക് മാറ്റി, പകരം ഇടി മുഹമ്മദ് ബഷീർ മലപ്പുറത്തെത്തി. സ്വന്തം നാട്ടിൽ വോട്ട് ചോദിക്കുമ്പോൾ ഇ ടി സേഫാണ്. എന്നാൽ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകുമോ എന്നതാണ് ചർച്ച. സമസ്‌തയുടെ നീക്കം ലീഗിന് എതിരായി കഴിഞ്ഞു. പക്ഷേ എത്രത്തോളം പേർ മതപണ്ഡിതർ പറയുന്നത് അനുസരിക്കും എന്നത് പോലെയിരിക്കും വോട്ടിന്‍റെ ശരാശരി. കഴിഞ്ഞ അഞ്ച് വർഷം ഇ ടി പൊന്നാനിയിൽ എന്ത് ചെയ്‌തു എന്നത് മലപ്പുറത്തും ചർച്ചയാണ്.
യുവ വോട്ടർമാരെ പാട്ടിലാക്കാൻ വി വസീഫിനെ ഇറക്കിയാണ് ഇടത് പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ആദ്യഘട്ടത്തിൽ പ്രാദേശിക വിഷയങ്ങളാണ് പ്രചാരണത്തിൽ നിറഞ്ഞ് നിന്നതെങ്കിലും പൗരത്വ നിയമ ഭേദഗതിക്ക് സർക്കാർ ചട്ടം കൊണ്ടുവന്നതോടെ ചർച്ചകൾ ആ വഴിക്ക് നീങ്ങി. എൽഡിഎഫും യുഡിഎഫും നിയമത്തിനെതിരെ പ്രതിഷേധ റാലികൾ സംഘടിപ്പിക്കുമ്പോൾ നിയമം ഒരു സമുദായത്തെയും ബാധിക്കില്ലെന്ന വാദമാണ് ബിജെപി പയറ്റുന്നത്. എൻഡിഎ സ്ഥാനാർഥി ഡോ. അബ്‌ദുൽ സലാമും വോട്ടിന്‍റെ എണ്ണം കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്.
പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എംപി അബ്‌ദുസമദ് സമദാനി മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 48.96 ശതമാനം നേടിയാണ് ജയിച്ചത്. കൃത്യമായി പറഞ്ഞാൽ ആകെ 11,02,537 വോട്ടർമാർ ഉണ്ടായിരുന്ന മണ്ഡലത്തിൽ നിന്ന് സമദാനി നേടിയത് 5,38,248 വോട്ടുകളാണ്. സിപിഎം സ്ഥാനാർഥി വിപി സാനുവിന് നേടാനായത് 4,23,633 വോട്ടുകളും. സമദാനിയുടെ ഭൂരിപക്ഷം 1,14,692 വോട്ടുകൾ.
മലപ്പുറത്തെ സ്ഥാനാർഥികൾ:
- ഇ ടി മുഹമ്മദ് ബഷീർ- യുഡിഎഫ് / ഐയുഎംഎൽ
- വി വസീഫ്- എൽഡിഎഫ് / സിപിഎം
- ഡോ. അബ്‌ദുൾ സലാം- എൻഡിഎ /ബിജെപി
- ടി. കൃഷ്‌ണൻ- ബിഎസ്‌പി
- പി സി നാരായണൻ- ബഹുജൻ ദ്രാവിഡ പാർട്ടി
- അബ്‌ദുൾ സലാം- സ്വതന്ത്രൻ
- നസീഫ് അലി മുല്ലപ്പള്ളി- സ്വതന്ത്രൻ
- തൃശൂർ നസീർ- സ്വതന്ത്രൻ
- ആകെ വോട്ടർമാർ: 147992
- പുരുഷൻമാർ: 745978
- സ്ത്രീകൾ: 733931
- ട്രാൻസ്ജെൻഡേഴ്‌സ്: 12