കാസർകോട്: തെരഞ്ഞെടുപ്പ് പ്രചരണം കാസർകോട് മണ്ഡലത്തിൽ കൊഴുക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇക്കുറി മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഏഴിലധികം ഭാഷകൾ സംസാരിക്കുന്നവരാണ് മണ്ഡലത്തിൽ ഉള്ളതെന്നതിനാൽ പ്രചരണത്തിൽ സ്ഥാനാർഥികൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞത് ഭാഷ തന്നെ.
എന്നാൽ ഇതൊന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയെ ബാധിക്കില്ല. ആറു ഭാഷകൾ വെള്ളം പോലെ സംസാരിക്കുന്ന എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിക്ക് വോട്ടർമാർക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇംഗ്ലീഷും ഹിന്ദിയും കന്നഡയും തുളുവും തമിഴും മലയാളവും ഇവർ അസ്സലായി സംസാരിക്കും.
ഇത് പ്രചരണത്തിൽ ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് അശ്വനി തന്നെ പറയുന്നു. ബെംഗളൂരുവിലാണ് അശ്വനി ജനിച്ചു വളർന്നത്. പ്രവാസിയായിരുന്ന പി. ശശിധരയെ വിവാഹം ചെയ്‌താണ് കടമ്പാറിൽ എത്തിയത്. അധ്യാപികയായിരുന്ന എം. എൽ. അശ്വിനി അപ്രതീക്ഷിത സ്ഥാനാർഥിയായാണ് കാസർകോട് പാർലിമെന്‍റ് മണ്ഡലത്തിൽ എത്തിയത്.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചരണവും നടക്കുന്നുണ്ട്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ടാണ് അശ്വിനി വോട്ട് അഭ്യർത്ഥന നടത്തുന്നത്. മാതൃഭാഷയിൽ സ്ഥാനാർഥി വോട്ട് ചോദിക്കുമ്പോൾ അവർക്കും സന്തോഷം.
കടമ്പാർ വാർഡിൽ നിന്നുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അശ്വിനി. 804 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ ജയിച്ച് അശ്വിനി ബ്ലോക്കിൽ എത്തിയത്. മഹിളാമോർച്ച ദേശീയ സമിതിയംഗവുമാണ്.
ഏതായാലും ഭാഷ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ കാസർകോട് ആറു ഭാഷ സംസാരിക്കുന്ന സ്ഥാനാർഥി ജനങ്ങൾക്കും കൗതുകമാണ്. വോട്ട് കിട്ടാൻ ഭാഷ കൊണ്ടും സാധിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
Also read: സാമൂഹിക പ്രവർത്തക ദയാബായ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിക്കും