കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കണ്ണൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ. രാഹുലിനെ കിങ്ങിണിക്കുട്ടൻ എന്ന് ആരെങ്കിലും വിളിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പരിഹസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിനെതിരെയാണ് എം വി ജയരാജന്റെ പരിഹാസ പ്രതികരണം. എൽഡഎഫിന്റെ മട്ടന്നൂർ മണ്ഡലത്തിലെ പ്രചാരണ പരിപാടിക്കെത്തിയതായിരുന്നു എം വി ജയരാജൻ.
കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇഡി കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടക്കാത്തതെന്ന ചോദ്യമാണ് രാഹുൽ ഗാന്ധി ചോദിച്ചത്. ജനാധിപത്യ മതനിരപേക്ഷ കൂട്ടായ്മയ്ക്കു വേണ്ടി ജീവൻ കൊടുത്തും പൊരുതുന്ന ഇടതു പക്ഷത്തിന്റെ മുഖ്യമന്ത്രിക്കെതിരായി അത് പറയുക വഴി ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം ഒരു കിങ്ങിണിക്കുട്ടൻ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും രാഷ്ട്രീയ മൂല്യങ്ങളല്ല അവരിന്ന് കൈകാര്യം ചെയ്യുന്നത്. കോൺഗ്രസിന് സംഘപരിവാറുകാരുടെ മനസാണെന്നും, കോൺഗ്രസിന് എങ്ങനെയാണ് രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ കൂട്ടായ്മയുടെ ഭാഗമാവാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.