കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ കൊള്ളയെക്കുറിച്ചും മാസപ്പടി വിവാദത്തെക്കുറിച്ചും സ്വർണക്കടത്തിനെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കൊള്ളേണ്ടിടത്ത് കൊണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വരൂപിച്ച പണം അക്കൗണ്ടിൽ നിക്ഷേപിച്ചതിനെക്കുറിച്ചൊന്നും മറുപടി പറയാത്ത മുഖ്യമന്ത്രി ബിജെപിക്കെതിരെ തിരിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയൻ യുഡിഎഫിനെ വിമർശിക്കുന്നില്ല. മുഖ്യമന്ത്രിയുടെ വിമർശനങ്ങളുടെ കുന്തമുന തിരിച്ചു വച്ചിരിക്കുന്നത് മോദിയിലേക്കും എൻഡിഎയിലേക്കുമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് സംസ്ഥാന വ്യാപകമായി സഹകരണ ബാങ്കുകളിൽ കള്ളപ്പണ ഇടപാടുകളുണ്ട്. ഈ കള്ളപ്പണം നിക്ഷേപിക്കാനായി വ്യാജ അക്കൗണ്ടുകൾ തുറന്നിരിക്കുന്നു. എന്നാൽ മുഖ്യമന്ത്രി അതിനെക്കുറിച്ച് മറുപടി പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സഹകരണ ബാങ്കിലെ പണം തിരിച്ചു കൊടുക്കണമെന്ന് മോദി പറഞ്ഞപ്പോൾ മുഖ്യമന്ത്രി അതിനെ കളിയാക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത് അംബാനിയോ അദാനിയോ അല്ല. സാധാരണക്കാരാണ്. കോരളത്തിലെ സാധാരണക്കാരുടെ പണമാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി സാധാരണക്കാർക്ക് പണം തിരിച്ചു കൊടുക്കുമെന്ന് മോദി പറഞ്ഞത് തെറ്റാണോയെന്നും അദ്ദേഹം ചോദിച്ചു. പണം പാവപ്പെട്ട നിക്ഷേപകരുടെ കൈയ്യിലെത്തിക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്നും, തിരിച്ചു കൊടുക്കുമെന്ന് മോദി പറഞ്ഞാൽ തിരിച്ചു കൊടുത്തിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് യുഡിഎഫും വർഗീയ അജണ്ടയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും ഇന്ത്യ മുന്നണി കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.