കോഴിക്കോട്: പെരുവയലിൽ വീട്ടിലെ വോട്ടിങിനിടെ ആളുമാറി വോട്ട് ചെയ്‌ത സംഭവത്തിൽ 3 പേർ കൂടി അറസ്‌റ്റിൽ. സ്പെഷ്യൽ പോളിങ് ഓഫിസർ മഞ്ജുഷ, പോളിങ് ഓഫിസർ ഫഹ്മിത, മൈക്രോ ഒബ്‌സർവറായ അനീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. പെരുവയൽ സ്വദേശിയായ ബിഎൽ ഒ ഹരീഷ് കുമാറിനെ മാവൂർ പൊലീസ് ഇന്നലെ (ഏപ്രിൽ 20) രാത്രി കസ്‌റ്റഡിയിലെടുത്തിരുന്നു.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള നാല് ഉദ്യോഗസ്ഥരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയതായി മാവൂർ പൊലീസ് അറിയിച്ചു. കോഴിക്കോട് ജില്ല കലക്‌ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കലക്‌ടർക്ക് പരാതി ലഭിച്ചതിന് പിന്നാലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മാവൂർ പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു.
ചോദ്യം ചെയ്യലിനു ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി നാലു പേർക്കും മാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നൽകി വിട്ടയച്ചു. വെള്ളിയാഴ്‌ചയാണ് (ഏപ്രിൽ 19) കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പെരുവയൽ കൊടശ്ശേരി താഴം സ്വദേശിയായ 91കാരി പായംപുറത്ത് ജാനകി അമ്മയുടെ വോട്ട്, ഇവരുടെ വീടിന് സമീപം തന്നെയുള്ള കോടശ്ശേരി താഴത്തെ 80 വയസുകാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് ചെയ്യിപ്പിച്ചതാണ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലേക്കും ഇപ്പോൾ അറസ്‌റ്റിലേക്കും വഴി തെളിയിച്ചത്.
പായംപുറത്ത് ജാനകി അമ്മയുടെ ബന്ധുക്കൾ ജില്ല കലക്‌ടർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.