തൃശൂർ: തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ തന്നെ ജയിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്നതിൽ സംശയമില്ല. ആവേശത്തോട് കൂടിയാണ് പാർട്ടി പ്രവർത്തകർ കെ മുരളീധരന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തൃശൂർ എടുക്കുമെന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണ്. യുഡിഎഫ് ജയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ജയിക്കണമെന്ന് ഓരോരുത്തർക്കും ആഗ്രഹം കാണും എന്നാൽ അത് നടപ്പാകണമെന്നില്ലെന്നും എംഎൽഎ പരിഹസിച്ചു.
തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ തന്നെ ജയിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കഴിഞ്ഞ 24 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണെന്നും ജീവനുള്ളിടത്തോളം കാലം കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെ. ബിജെപിയിലേക്ക് എത്തുമെന്ന പ്രചാരണം ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗം മാത്രമാണ്. പക്ഷേ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ല. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.