തിരുവനന്തപുരം : ജൂണ്‍ 4ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ ഒന്നല്ല, 5 സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി കോര്‍ കമ്മിറ്റി യോഗം. ഇക്കാര്യം പിന്നീട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ പരസ്യമായി സമ്മതിച്ചെങ്കിലും ഏതൊക്കെ മണ്ഡലങ്ങള്‍ എന്നു വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. 5 സീറ്റു കിട്ടുമെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് താന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും ജൂണ്‍ 4 വരെ കാത്തിരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് പരസ്യമായി പറയാന്‍ തയ്യാറായില്ല. അതേ സമയം തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് നേതാക്കള്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. അതിനിടെ ആലപ്പുഴയില്‍ തന്നെ കാലുവാരാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പക്ഷം ശ്രമിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചപ്പോൾ വി മുരളീധരനും തിരിച്ചടിച്ചു. ആറ്റിങ്ങലില്‍ തന്നെ കാലുവാരാന്‍ കഴിഞ്ഞ തവണ അവിടെ മത്സരിച്ച സ്ഥാനാര്‍ഥി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് ശോഭ സുരേന്ദ്രനും ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
മുരളീധരന്‍ എങ്ങനെ ശ്രമിച്ചാലും മൂന്നു ലക്ഷത്തിനു മുകളില്‍ വോട്ട് താന്‍ ആലപ്പുഴയില്‍ പിടിക്കുമെന്ന അവകാശവാദവും ശോഭ മുരളീധരൻ മുന്നില്‍ വച്ചു. മിക്ക സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്തെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നേതൃത്വത്തെ വിമര്‍ശിച്ചതായി സൂചനയുണ്ട്. തെരഞ്ഞെടുപ്പ് പ്രാചരണ രംഗത്ത് തങ്ങളെ നേതൃത്വം തഴഞ്ഞു എന്നാരോപിച്ച് കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി എം ടി രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ പി കെ കൃഷ്‌ണദാസ്, സി കെ പത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എന്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയോഗം ബഹിഷ്‌കരിച്ചു.
ഇ പി ജയരാജനുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ പരസ്യമാക്കി രാഷട്രീയ വിവാദം കൊഴുപ്പിച്ച ശോഭ സുരേന്ദ്രന്‍റെ നടപടിയെ പ്രകാശ് ജാവ്‌ദേക്കര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്‍റെ അറിവോടെ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഭാവിയില്‍ ഇത്തരം നീക്കങ്ങള്‍ക്ക് തടസമാകുമെന്നും ദേശീയ നേതൃത്വത്തിന്‍റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു. വിവാദം ഏറ്റു പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ വാര്‍ത്ത സമ്മേളനവും അനുചിതമായെന്ന് ജാവദേക്കര്‍ പറഞ്ഞു.
Also Read: ഇപി - ജാവദേക്കർ കൂടിക്കാഴ്‌ച; കെസി വേണുഗോപാലിന് മറുപടിയുമായി ശോഭ സുരേന്ദ്രൻ
അതേ സമയം കഴിഞ്ഞ തവണ നേടിയ വോട്ടിന്‍റെ കണക്കു വച്ചാണ് ബിജെപി ഇത്തവണ കണക്കു കൂട്ടുന്നതെങ്കിലും കഴിഞ്ഞ തവണ ദേശീയ തലത്തില്‍ നരേന്ദ്ര മോദി തരംഗവും ശബരിമല യുവതി പ്രവേശനവുമാണ് ബിജെപിയുടെ വോട്ടു വിഹിതം വര്‍ധിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടു സാഹചര്യങ്ങളും ഇപ്പോള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയുടെ 5 സീറ്റ് അവകാശവാദം കണ്ടു തന്നെ അറിയണമെന്നും നിരീക്ഷകര്‍ പറയുന്നു.