ഇടുക്കി : പാലക്കാട്ട് എക്സൈസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി (Lock Up Death Case). ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പാലക്കാട് എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ (13-03-2024) വൈകിട്ട് ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടിലെത്തിയത്. പരിശോധനയ്‌ക്കൊടുവിൽ വീട്ടിൽ നിന്ന് 2 കിലോ ഹാഷിഷ് ഓയിൽ കണ്ടെടുത്തു. കസ്‌റ്റഡിയിലെടുത്ത ഷോജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി.
രാവിലെ 7 മണിയോടെയാണ് ഷോജോയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഷോജോയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിക്കും.
സംഭവത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്സൈസിന്‍റെ പ്രാഥമിക നിഗമനം. പുറത്തുനിന്നുള്ള പരിശോധനകൾ ചെറുക്കാൻ ഇയാൾ വീട്ടിൽ നായയെ വളർത്തിയിരുന്നു. ടിപ്പർ ഡ്രൈവറായ ഷോജോയ്ക്ക് 3 മക്കളുണ്ട്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821