കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് അബ്‌ദുൾ ഗഫൂറിൻ്റെ കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. അബ്‌ദുൾ ഗഫൂറിൻ്റെ വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു വലിയ പ്രതിഷേധം ഉണ്ടായത്. ഒന്നാം പ്രതി ഉബൈസിന് നേരെ നാട്ടുകാരുടെ കയ്യേറ്റം ഉണ്ടായി. പൊലീസും നാട്ടുകാരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും ഉണ്ടായി. തുടർന്ന് ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ടാം പ്രതി ഷമീനയെയും മൂന്നാം പ്രതിയെയും പൊലീസ് വലയത്തിലാണ് പുറത്തെത്തിച്ചത്. അകത്ത് വെച്ച് ബന്ധുക്കൾ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഒന്നര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു.
അതേസമയം പൂച്ചക്കാട് കൊലപാതകം ആസൂത്രണമെന്ന് ഡിവൈഎസ്‌പി കെജെ ജോൺസൺ പറഞ്ഞു. മന്ത്രവാദത്തിലൂടെ കൈക്കലാക്കിയ സ്വർണം തിരിച്ച് നൽകാൻ പറ്റാത്തതോടെ കൊലപാതകം ആസൂത്രണം ചെയ്‌തു. കൊല നടത്തിയത് ഭിത്തിയിൽ തലയിടിച്ചാണ്. കെഎച്ച് ഷമീന മന്ത്രവാദവും ആഭിചാരവും നടത്തുന്നയാളെന്നും പൊലീസ് പറഞ്ഞു.
പാത്തൂട്ടി എന്ന പതിമൂന്ന് വയസുകാരി ഏർവാടിയിൽ നിന്ന് തൻ്റെ ശരീരത്തിൽ കയറിയെന്ന് വിശ്വസിപ്പിച്ചാണ് ഷമീന മന്ത്രവാദം നടത്തുന്നത്. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്നും ഡിവൈഎസ്‌പി അറിയിച്ചു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തും. ഇന്ന് നടത്തിയ തെളിവെടുപ്പിൽ അരമന ജ്വല്ലറിയിൽ നിന്ന് കുറച്ച് സ്വർണം കണ്ടെടുത്തുവെന്നും സഹായികളെക്കുറിച്ച് അന്വേഷിക്കുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.