എറണാകുളം: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് വിദേശത്തേക്ക് കടന്ന മലയാളികള്‍ക്കെതിരെ അന്വേഷണം. സംഭവത്തിൽ കേരളത്തിൽ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. ദക്ഷിണ മേഖലാ ഐജി എസ് ശ്യാംസുന്ദറിന്‍റെ മേൽനോട്ടത്തിലാകും അന്വേഷണം. 1425 മലയാളികളാണ് ഗള്‍ഫ് ബങ്കില്‍ നിന്ന് 700 കോടി രൂപയോളം തട്ടിയത്. ഇവരിൽ 700 ഓളം പേർ നഴ്‌സുമാരാണ് എന്നാണ് കണ്ടെത്തല്‍.
വായ്‌പയെടുത്തവർ അമേരിക്ക, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്നു എന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്. ഇവരില്‍ ചിലര്‍ നാട്ടിലേക്കും മടങ്ങിയിരുന്നു. തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ടത്. സംഭവത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലായി 10 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
2020 - 22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്‌തിരുന്നവരുമടക്കം ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാങ്കിൽ നിന്ന് ചെറിയ തുക വായ്‌പയെടുത്ത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോർ ഉയർത്തിയ ശേഷമാണ് പ്രതികൾ വലിയ തുക വായ്‌പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം ആരംഭിച്ചു. വായ്‌പ തിരിച്ചടയ്ക്കാതെ മുങ്ങിയവരില്‍ ചിലര്‍ കേരളത്തിലെത്തി എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കുവൈത്ത് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഡിജിപിയെയും എഡിജിപിയെയും സമീപിക്കുകയായിരുന്നു.
നവംബർ അഞ്ചിന് ബാങ്ക് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ പൊലീസ് കേസെടുത്തത്. ആദ്യം തട്ടിപ്പ് നടത്തിയവരില്‍ നിന്ന് സാധ്യതകള്‍ മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ കബളിപ്പിച്ചതാണ് എന്നാണ് പൊലീസ് നിഗമനം. അതേസമയം തട്ടിപ്പിന് പിന്നില്‍ ഗൂഢാലോചനകള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.