തിരുവനന്തപുരം : ജില്ലയിൽ തീരദേശ മേഖലകളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കടൽക്ഷോഭത്തെ തുടർന്നായിരുന്നു ജില്ലയിലെ തീരദേശ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിലാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ ആയ ജില്ല കലക്‌ടർ വിലക്ക് പിൻവലിച്ചതായി അറിയിച്ചത്.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്‍റെ വേഗത സെക്കൻഡിൽ 05 സെന്‍റിമീറ്ററിനും 20 സെന്‍റിമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Also Read: ടൂറിസം ഹബ്ബാകാന്‍ ലക്ഷദ്വീപ് ; മുഖം മിനുക്കാന്‍ നിരവധി പദ്ധതികള്‍