ഇടുക്കി: മറയൂരില്‍ കാലിന് പരിക്കേറ്റ കാട്ടാനയ്‌ക്ക് ചികിത്സ ലഭ്യമാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച ശേഷമാണ് ചികിത്സ നല്‍കിയത്. ആനയുടെ മുന്‍ഭാഗത്തെ ഇടതുകാലിനാണ് പരിക്കെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. ചികിത്സ ലഭ്യമാക്കിയെങ്കിലും വനംവകുപ്പിന്‍റെ നിരീക്ഷണം തുടരും.
ഇന്ന് രാവിലെയാണ് കാലിന് പരിക്കേറ്റ പിടിയാനക്ക് മറയൂരില്‍ വനംവകുപ്പ് ചികിത്സ ലഭ്യമാക്കിയത്. കാലിന് പരിക്കേറ്റ നിലയില്‍ കാണപ്പെട്ട കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കുകയായിരുന്നു. പെരടി പള്ളം ഭാഗത്ത് സ്വകാര്യഭൂമിയിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്.
രാവിലെ തന്നെ വനംവകുപ്പ് ദൗത്യത്തിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ആനയുടെ മുന്‍ഭാഗത്തെ ഇടതുകാലിനാണ് പരിക്ക് സംഭവിച്ചിട്ടുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാന്തല്ലൂര്‍ റേഞ്ചിന് കീഴില്‍ വരുന്ന ചന്ദ്രമണ്ഡലം ഭാഗത്ത് തമിഴ്‌നാട് മേഖലയില്‍ നിന്നടക്കം കാട്ടാനകള്‍ കൂട്ടത്തോടെ എത്താറുണ്ട്.
ഇത്തരത്തില്‍ എത്തിയ പിടിയാനയുടെ കാലിലായിരുന്നു മുറിവ് കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി വനംവകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് ശേഷമാണ് വിജയകരമായി ആനക്ക് ചികിത്സ ലഭ്യമാക്കുന്ന ദൗത്യം വനംവകുപ്പ് പൂര്‍ത്തിയാക്കിയത്. സി സിഎഫ്‌ആര്‍എസ് അരുണും ഡിഎഫ്‌ഒമാരും ഉള്‍പ്പെടുന്ന സംഘമാണ് ദൗത്യം നടത്തിയത്. നിരീക്ഷണം തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.
Also Read: കാട്ടാനകളുടെ സെന്‍സസ് എടുക്കുന്നത് എങ്ങനെയെന്ന് അറിയാമോ? 'ആനയെണ്ണൽ' വീഡിയോ കാണാം