കോഴിക്കോട്: മലബാറിൽ തകര്‍ന്നടിഞ്ഞ് സിപിഎമ്മിന്‍റെ മുസ്‌ലിം ന്യൂനപക്ഷ പ്രേമം. സമസ്‌തയെ കൂട്ടിപിടിച്ച് മുസ്‌ലിം സമുദായത്തിന്‍റെ വോട്ട് ഒപ്പിച്ചെടുക്കാമെന്ന സിപിഎം പദ്ധതിയും ഇതോടെ പൊളിഞ്ഞു. ലീഗ് വിമതൻ കെഎസ് ഹംസയെ അരിവാൾ ചുറ്റികയും നക്ഷത്രവും നൽകി പൊന്നാനിയിൽ ഇറക്കിയതോടെ എല്ലാമായി എന്നായിരുന്നു സിപിഎം കരുതിയത്. എന്നാൽ 2019ൽ പിവി അൻവർ നേടിയ വോട്ടിനേക്കാൾ 2239 വോട്ട് കുറവാണ് ഹംസയ്‌ക്ക് ലഭിച്ചത്.
പൊന്നാനിയിൽ ലീഗിന് ഭൂരിപക്ഷം കൂടിയതിന് പുറമെ മലപ്പുറത്ത് ഇടിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടക്കാനും സിപിഎം 'തന്ത്രം' കൊണ്ട് സാധിച്ചു. കോഴിക്കോട്ട് കരീമിനെ ഇറക്കിയതിലൂടെ ലീഗിലെ ഒരുകൂട്ടത്തിന്‍റെ ചായ്‌വുണ്ടാകുമെന്ന് കരുതിയതും പാളി. വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം 1,145,06ൽ എത്തിയതും കണ്ണൂരിൽ സുധാകരൻ 1,08,982 റെക്കോർഡ് ഭൂരിപക്ഷം നേടിയതും കാസർകോട് പിണറായിയുടെ വിശ്വസ്‌തൻ എംവി ബാലകൃഷ്‌ണൻ 1,01,523 വോട്ടിന് തോറ്റതുമെല്ലാം ചേർത്ത് വായിച്ചാൽ മുസ്‌ലീം ന്യൂനപക്ഷ പ്രേമം സിപിഎമ്മിന് വൻ തിരിച്ചടിയാണ് നൽകിയത്.
ആ ബന്ധത്തിന്‍റെ പേരിൽ ഹിന്ദുക്കൾ അടക്കമുള്ള മറ്റ് സമുദായങ്ങളും തിരിച്ച് കുത്തിയതാണ് യുഡിഎഫിന്‍റെ ഭൂരിപക്ഷം മലബാറിലൊട്ടാകെ ലക്ഷം കടക്കാനും കാരണമായത്. കാര്യം കാണാൻ തന്ത്രങ്ങൾ മെനയുന്ന മത സംഘടനകളും ലീഗും കാര്യം നടന്നാൽ കയ്യൊഴിഞ്ഞ് മനസുകൊണ്ട് ഒന്നാകും എന്ന പാഠമാണ് മലബാറിലെ ദയനീയ തോൽവി സിപിഎമ്മിന് നൽകുന്നത്.
Also Read: വയനാട്ടിൽ വിജയം കൊയ്‌ത് രാഹുല്‍ ഗാന്ധി ; വിജയിച്ചത് 3,64,422 വോട്ടുകൾക്ക്