തൃശൂർ : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പുകഴ്ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ഭരിക്കുന്ന തൃശൂർ കോർപ്പറേഷന്‍ മേയർ എം കെ വർഗീസ്. തൃശൂർ നിയോജക മണ്ഡലത്തിന്‍റെയും കേരളത്തിന്‍റെയും വികസനം എന്ന കാഴ്‌ചപ്പാടാണ് സുരേഷ് ഗോപിക്കെന്ന് എം കെ വർഗീസ് പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിഷേധാത്മകമായാണ് അദ്ദേഹം പ്രതികരിച്ചത്.
കോൺഗ്രസ് വിമതനായ വർഗീസ് സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് പിന്തുണയോടെ തൃശൂർ മേയറായി. വികസനത്തിന് രാഷ്‌ട്രീയ ഭേദമില്ലാതെ എംപിയുടെയോ മന്ത്രിയുടെയോ ഒപ്പം നിൽക്കേണ്ടത് ജനപ്രതിനിധി എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തമാണെന്നും വർഗീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജില്ലയിൽ സുരേഷ് ഗോപിക്കൊപ്പം ചടങ്ങിൽ പങ്കെടുത്ത് ബിജെപി നേതാവിനെ പ്രശംസിച്ച് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 'ഞാൻ കോർപ്പറേഷന്‍റെ മേയറാണ്, കോർപ്പറേഷനിലെ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് ഒരു കേന്ദ്രമന്ത്രി വന്നാൽ, ഞാൻ അതിന്‍റെ മേയർ എന്ന നിലയിൽ പോകേണ്ടതല്ലേ' എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി.
തന്‍റെയും സുരേഷ് ഗോപിയുടെയും രാഷ്‌ട്രീയം വ്യത്യസ്‌തമാണെന്നും എന്നാൽ തന്‍റെ മനസിൽ നിരവധി വികസന പദ്ധതികളുണ്ടെന്നും വർഗീസ് പറഞ്ഞു. 'ഞാൻ അദ്ദേഹവുമായി നേരത്തെ സംസാരിച്ചിരുന്നു. തൃശൂരിനും കേരളത്തിനും വേണ്ടിയുള്ള നിരവധി വികസന പദ്ധതികൾ അദ്ദേഹത്തിന്‍റെ മനസിൽ ഉണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്,' വര്‍ഗീസ് പറഞ്ഞു.
വികസനവും പുരോഗതിയും തൃശൂരിന് അനിവാര്യമാണെന്ന് പറഞ്ഞ മേയർ, സുരേഷ് ഗോപിക്ക് അതിന് നിരവധി പദ്ധതികളുണ്ടെങ്കിൽ അത് സാക്ഷാത്കരിക്കാൻ തൃശൂരിലെ ജനങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കേണ്ടതല്ലേ എന്നും പറഞ്ഞു. ഇതിൽ രാഷ്‌ട്രീയം കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മേയർ എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും തങ്ങൾ പരസ്‌പരം വികസനത്തെക്കുറിച്ച് സംസാരിച്ചു അതിൽ രാഷ്‌ട്രീയം കലർത്തേണ്ടതില്ല. തൃശൂരിന്‍റെ വികസനത്തിന് ആരെങ്കിലും ഫണ്ട് വാഗ്‌ദാനം ചെയ്‌താല്‍ സ്വീകരിക്കുമെന്നും രാഷ്‌ട്രീയത്തിന്‍റെ പേരിൽ തള്ളില്ലെന്നും മേയർ പറഞ്ഞു. ഏപ്രിൽ 26 ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ പിന്തുണച്ചുവെന്നാരോപിച്ച് വർഗീസ് നേരത്തെ ഇടത് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ALSO READ: തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കള്ളിങ് നടത്താന്‍ ഉത്തരവിട്ട് ജില്ല കലക്‌ടര്‍