തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നല്‍കിയെന്നാരോപിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. രാജീവ് ചന്ദ്രശേഖറിന് മുഖ്യ ഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധനകാര്യ സ്ഥാപനമായ ജൂപ്പിറ്റൽ ക്യാപ്പിറ്റൽ അടക്കമുള്ള പ്രധാന ആസ്‌തികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താതെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
നാമനിർദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയത് ജന പ്രാതിനിധ്യ നിയമമനുസരിച്ച് ഗുരുതര കുറ്റമാണെന്നും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം കമ്മിറ്റി ചെയർമാൻ എം വിജയകുമാറും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്‌ണനും ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നേരത്തെ മഹിളാ കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബൻസാൽ വരണാധികാരിയായ ജില്ലാ കളക്‌ടർക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു.
അതേസമയം പരാതി പരാജയഭീതി കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു. തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ പോകാം. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ശ്രമം വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.