പാലക്കാട് : പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് തലേന്ന് രണ്ട് പത്രങ്ങളിൽ വന്ന വിവാദപരസ്യത്തിൻ്റെ ഉള്ളടക്കവുമായി ബന്ധമില്ലെന്ന് കാണിച്ച് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകി. പരസ്യത്തിൽ സന്ദീപ് വാര്യരെക്കുറിച്ച് വന്ന ഭാഗങ്ങൾ നൽകിയത് ചില അഭ്യുദയകാംക്ഷികൾ ആണെന്നും സ്ഥാനാർഥിക്ക് അതുമായി ബന്ധമില്ലെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് സമിതി വിശദീകരണ കുറിപ്പ് വിശദമായി പരിശോധിക്കും.
തൃപ്‌തികരമല്ലെങ്കിൽ തുടർനടപടികൾ ഉണ്ടാകും. വിവാദ പരസ്യത്തെക്കുറിച്ച് സിപിഎം നേതൃത്വം ഇരുവരെ സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമായാണ് ചീഫ് ഇലക്ഷൻ ഏജൻ്റ് വിശദീകരണം നൽകിയിരിക്കുന്നത്. പരസ്യത്തിൽ തെറ്റില്ലെന്നും കോൺഗ്രസിലേക്ക് കൂറുമാറിയ വ്യക്തിയെ തുറന്നു കാണിക്കുക മാത്രമാണ് പരസ്യത്തിലൂടെ ചെയ്‌തത് എന്നും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. പി സരിനും മന്ത്രി എംബി രാജേഷ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കളും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചട്ടപ്രകാരം അനുമതി വാങ്ങാതെയാണ് വിവാദ പരസ്യം വന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ ഏജൻ്റ് ഇപ്പോൾ നൽകിയ വിശദീകരണം മോണിറ്ററിങ് സമിതി തള്ളിയാൽ എൽഡിഎഫ് പ്രതിസന്ധിയിലാകും. വിഷയവുമായി ബന്ധപ്പെട്ട് സ്ഥാനാർഥിയും പ്രധാന നേതാക്കളും നേരത്തേ നടത്തിയ പരസ്യ പ്രസ്‌താവനകൾ പ്രശ്‌നം സങ്കീർണമാക്കും.
പരസ്യത്തിന് ആരാണ് പണം നൽകിയതെന്ന് വിശദീകരിക്കേണ്ടി വരും. വിവാദത്തിൽ നിയമ പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയും യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പു ദിവസത്തിൻ്റെ തലേന്ന് സുപ്രഭാതം, സിറാജ് എന്നീ ദിനപ്പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദങ്ങളുടെ കേന്ദ്രം.
ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട പത്രങ്ങളിൽ വന്ന പരസ്യം സാമുദായിക ഐക്യം തകർക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് യുഡിഎഫ് രേഖാമൂലം പരാതി നൽകിയത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ വന്ന പരസ്യത്തിന് അനുമതി ഉണ്ട് എന്ന വാദം സിപിഎം നേതാക്കൾ തുടക്കത്തിൽ ഉയർത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ അനുമതിയില്ലാതെയാണ് പരസ്യം വന്നത് എന്ന് വ്യക്തമായി.
More Read:
പത്രപ്പരസ്യ വിവാദം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്
സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്‍റെ പരസ്യം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ല