കാസർകോട് : കുഴിമന്തി ചലഞ്ചിന് പിന്നാലെ കാസര്‍കോട്ട് വിവാദമായി എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണന്‍റെ പ്രചാരണ വീഡിയോ. തളങ്കരയിൽ രാജ്‌മോഹൻ ഉണ്ണിത്താനെ പോലെ തോന്നിക്കുന്ന ഒരാൾ പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. തളങ്കരയിലേക്ക് പോകുന്നതിന് മുമ്പ് സ്ഥാനാര്‍ഥി കയ്യിലെ ചരട് മുറിച്ച് മാറ്റുന്നതും കുറി മായ്‌ക്കുന്നതും മുണ്ട് ഇടത്തേക്ക് ഉടുക്കുന്നതും വീഡിയോയിലുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലമാണ് തളങ്കര.
വീഡിയോ മണ്ഡലത്തിലെ മത സൗഹാർദം തകർക്കുമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.
സിപിഎം ജില്ല സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി എച്ച് കുഞ്ഞമ്പു എംഎൽഎ, കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ എന്നിവർ ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇടത് സൈബറിടങ്ങളും വീഡിയോ ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിൽ വിഷയം ചർച്ചയാവുകയും ചെയ്‌തു.
പിന്നാലെ അപകടം മനസിലാക്കി എം വി ബാലകൃഷ്‌ണനും, സി എച്ച് കുഞ്ഞമ്പുവും വീഡിയോ പിൻവലിച്ചു. എന്നാൽ വിഷയം യുഡിഎഫ് ഏറ്റെടുത്തു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.
Also Read : കാസര്‍കോട്ടെ മോക്ക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ; കൃത്രിമത്വമെന്ന് പരാതി - VVPAT Issue In Kasaragod