കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്.
അര്‍ജുനെ ഇന്ന് രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്‌തിരുന്നതായി കുടുംബം. അതാണ് അവർക്ക് പ്രതീക്ഷ നൽകുന്നതും. നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. ഏറ്റവും ഒടുവിൽ റിങ് ചെയ്‌ത നമ്പർ കുടുംബം കർണാടക സൈബർ സെല്ലിന് കൈമാറി. രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം ലഭിച്ചതായാണ് റിപ്പോർട്ട്.
അതേസമയം ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്ന് ഭാരത് ബെന്‍സ് കമ്പനി വീട്ടുകാരെ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അര്‍ജുൻ പോയിരുന്നത്. വാഹനത്തിന്‍റെ ജിപിഎസ് ലോക്കേഷൻ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണെന്നും വീട്ടുകാര്‍ പറഞ്ഞു.
ഷിരൂരില്‍ ലോറി കുടുങ്ങിയതില്‍ സഹായം ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ നിരന്തം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ലോറി ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളും അറിയിച്ചു. നിലവില്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വിഷയത്തിൽ എല്ലാ വിധ ഇടപെടലും നടത്തി വരികയാണെന്ന് എംപി എംകെ രാഘവൻ പ്രതികരിച്ചു. മണ്ണിടിച്ചിൽ ദുരന്തത്തിൽ നാല് പേരാണ് മരിച്ചത്. അർജുന്‍റേത് അടക്കം മൂന്ന് ലോറികൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽ ഒരു ടാങ്കർ തൊട്ടടുത്ത പുഴയിലൂടെ ഒഴുകി പോയിരുന്നതായും അധികൃതർ അറിയിച്ചു.
അതേസമയം അർജുനെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും കർണാടക ഗതാഗത മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും അന്വേഷണത്തിന് കാസർകോട് കലക്‌ടറെ ചുമതലപ്പെടുത്തിയെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ജൂലൈ എട്ടിനാണ് അര്‍ജുൻ ലോറിയില്‍ പോയത്. തിങ്കളാഴ്‌ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചത്. ചൊവ്വാഴ്‌ച മുതല്‍ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
ഈ മാസം 16-ാം തീയതിയായിരുന്നു അപകടം നടന്നത്. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്. ലോറി ഡ്രൈവറെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ല. ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്.
തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. മുക്കം സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കാണാതായത്.
Also Read: ഇടുക്കി കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍; വ്യാപാര സ്ഥാപനങ്ങള്‍ തകർന്നു, ഒരാള്‍ക്ക് പരിക്ക്