ഇടുക്കി: അഞ്ചുരുളിയില്‍ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്‌ടം. അഞ്ചുരുളി ഭാസി റോഡിലെ വളവിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ (ജൂലൈ 30) രാത്രി 11.30ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിരികിലെ ഭിത്തി ഇടിഞ്ഞതോടെ മണ്ണും ചെളിയും ഒലിച്ചെത്തുകയായിരുന്നു.
റോഡിന് മറുവശത്തുള്ള കൃഷിയിടം പൂര്‍ണമായും നശിച്ചു. പതിപ്പള്ളിയിൽ ബിനോയിയുടെ കൃഷിയിടമാണ് നശിച്ചത്. ഏലം ഉൾപ്പെടെയുള്ള കൃഷികളാണ് ഒലിച്ചു പോയിരിക്കുന്നത്. മണ്ണിടിഞ്ഞതോടെ അഞ്ചുരുളി കക്കാട്ടുകട റോഡിൽ പൂർണമായും ഗതാഗതം സ്‌തംഭിച്ചു. മണ്ണിടിഞ്ഞതിന് മറുവശത്തുള്ള ജനങ്ങൾ ഒറ്റപ്പെട്ട സാഹചര്യവും ഉണ്ടായി.
കാഞ്ചിയാർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മണ്ണ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ച് രാവിലെ 11 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ പാതയിൽ വിവിധ ഇടങ്ങളിൽ ഉറവകൾ ശക്തമായതും നീർചാലുകളിൽ നീരൊഴുക്ക് വർധിച്ചതും കൂടുതൽ ഭീഷണി ഉയർത്തുകയാണ്. മഴ ശക്തമാകുന്നതോടെ മേഖലയിൽ വീണ്ടും മണ്ണിടിയാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.
നിലവിൽ മണ്ണിടിഞ്ഞതിൻ്റെ സമീപത്തായി മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മേഖലയിൽ തുടർച്ചയായി മണ്ണിടിയുന്നതില്‍ വലിയ ആശങ്കയിലാണ് ജനങ്ങള്‍.
Also Read: കേരളത്തിലെ 13 ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യത; കാരണം എന്തൊക്കെ?