കണ്ണൂര്‍ : ലക്ഷദ്വീപിലെ പണ്ടാരം ഭൂമി പ്രശ്‌നം അതിരു കടക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും കാലം കൈവശംവച്ച് പോരുകയും താമസിച്ച് കൃഷി ചെയ്‌തു പോന്ന ഭൂമി ഒരു നോട്ടിസ് പോലുമില്ലാതെ പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ സര്‍വ്വകക്ഷി പ്രതിഷേധം അലയടിക്കുകയാണ്. കല്‍പേനി, കവരത്തി, മിനിക്കോയി, അഗത്തി, ആന്ത്രോത്ത് എന്നീ അഞ്ച് ദ്വീപുകളിലെ ജനത ഇതോടെ കടുത്ത ആശങ്കയിലാണ്.
റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തുന്ന സര്‍വേ ജനങ്ങള്‍ തടഞ്ഞു. ഹംദുല്ല സയീദ് എംപി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഉദ്യോഗസ്ഥര്‍ നടപടി അവസാനിപ്പിച്ച് രണ്ടാം ദിവസം പോയെങ്കിലും വീണ്ടും സര്‍വേ നടത്തുകയാണ്. ഇത്രയും കാലം വികസനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാറിന് വിട്ട് നല്‍കുകയും സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കുകയും ചെയ്‌ത ഭൂമി എങ്ങിനെയാണ് ജനങ്ങളുടേതല്ലായിരുന്നു എന്നുപറയുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
1965 ലെ എല്‍എംഎഎല്‍ആര്‍ടി ആക്‌ട് നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാറിന് കുത്തകാവകാശമുള്ള ഭൂമിയെയാണ് പണ്ടാരം ഭൂമി എന്ന് പറയുന്നത്. പണ്ടാരം അല്ലാത്ത ഭൂമിയെല്ലാം വ്യക്തിയുടെ ഉടമസ്ഥാവകാശത്തിലുള്ളതാണ്. സര്‍ക്കാര്‍ പണ്ടാരം ആണെന്ന് ആരോപിക്കുന്ന ഭൂമിയുടെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ ഉടമസ്ഥാവകാശം വ്യക്തികളുടെ പേരിലാണ്. 1800 കളുടെ അവസാനം ലക്ഷദ്വീപില്‍ പ്രളയം സംഭവിക്കുകയും നാശനഷ്‌ടം ഉണ്ടാവുകയും ചെയ്‌തു. പിന്നീട് കൗള്‍ദാര്‍മാരില്‍ ഭൂമി നിക്ഷിപ്‌തമാവുകയായിരുന്നു.
അവരില്‍ നിന്നും ഭൂമി വാങ്ങിയ ഒരാളുടെയും ഭൂമി പണ്ടാരം ഭൂമിയാണെന്ന് പറയുന്നത് എല്‍എംഎഎല്‍ആര്‍ടി നിയമത്തിന്‍റെ പ്രത്യക്ഷ ലംഘനമാണ്. 2017ല്‍ ഡോ. ഹക്ക് കമ്മിറ്റി ദ്വീപിലെ സ്ഥലത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയും താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമി ദ്വീപു നിവാസികളുടേതാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. വന്‍കിട ടൂറിസം പദ്ധതി നടപ്പാക്കാന്‍ വേണ്ടി ജനവാസ കേന്ദ്രങ്ങളെ പിടിച്ചെടുക്കാനുളള നീക്കമാണ് ഇതിന് പിറകിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.