തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരിൽ ഒരാൾ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി നുസൈബ (56) ആണ് മരിച്ചത്. രായംമരക്കാർ വീട്ടിൽ ഹസ്‌ബുവിൻ്റെ ഭാര്യയാണ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി എട്ടരയോടെ പെരിഞ്ഞനം വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്‌ച രാത്രി സെയിൻ ഹോട്ടലിൽ നിന്നും കുഴിമന്തി പാഴ്‌സൽ വാങ്ങി നുസൈബ വീട്ടിൽ വച്ച് കഴിച്ചതായി ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച നാല് പേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച സ്ഥിതി മോശമായതിനെ തുടർന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.
അതേസമയം വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 178 പേരോളമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയെത്തിയത്. ഹോട്ടലിൽ വന്ന് കഴിച്ചവർക്കും പാഴ്‌സൽ വാങ്ങി കൊണ്ടുപോയി കഴിച്ചവർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്‌പമംഗലം സ്വദേശികളാണ് അധികവും ആശുപത്രിയിലുള്ളത്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മയോണൈസിന്‍റെ പ്രശ്‌നമാണോ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ പറയാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. അതേസമയം ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.
ALSO READ: ഗുണ്ട വിരുന്ന്: പൊലിസുകാർ കുടുങ്ങിയത് ഓപ്പറേഷൻ ആഗിൻ്റെ ഭാഗമായുള്ള റെയ്‌ഡിലെന്ന് റൂറൽ എസ്‌പി