ആശങ്കയുടെയും പിരിമുറുക്കത്തിന്‍റെയും പതിനാറ് മണിക്കൂറുകൾ പിന്നിട്ട് അവർ നാടണഞ്ഞു. കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ മായ, പാറുക്കുട്ടി, ഡാർലി എന്നിവരെയാണ് വനം വകുപ്പ് സംഘവും, ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. കാട്ടാനകളുടെ വിഹാര കേന്ദ്രമായ കുട്ടമ്പുഴ വനത്തിനുള്ളിൽ ആറ് കിലോമീറ്റർ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് പാറയ്ക്ക് മുകളിൽ ഒളിച്ചിരിക്കുകയായിരുന്നു മൂവരും.
ഇന്നലെ രാത്രി തന്നെ വനം വകുപ്പ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഈ ഭാഗത്ത് എത്തിയിരുന്നു. എന്നാൽ കാട്ടിനെ കുറിച്ച് നന്നായി അറിയാവുന്ന സ്ത്രീകൾ, ഇവർ തെരച്ചിൽ സംഘമാണോയെന്ന് അറിയാത്തതിനാൽ ഒളിച്ചിരുന്നു. പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയും കാണാതായവരുടെ ശ്രദ്ധയാകർഷിക്കാൻ ഉദ്യോഗസ്ഥർ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഇതെല്ലാം പാറയ്ക്ക് മുകളിൽ ഒളിച്ച് ഇരിക്കുകയായിരുന്ന മായ, പാറുക്കുട്ടി, ഡാർലി എന്നിവർ ശ്വാസമടക്കി പിടിച്ച് കാണുന്നുണ്ടായിരുന്നു.
നായാട്ടു സംഘങ്ങളോ, ആക്രമികളോ ആണെങ്കിൽ ജീവനു ഭീഷണിയാണെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്ന് രക്ഷപ്പെട്ട മൂവരും വ്യക്തമാക്കി. തങ്ങളെ രക്ഷപെടുത്തിയ എല്ലാവർക്കും നന്ദിയും പറഞ്ഞു. കാട്ടാനകളെ പല തവണ കണ്ടതായി പാറുക്കുട്ടി പറഞ്ഞു. രാത്രി മുഴുവൻ വിശപ്പും ദാഹവും സഹിച്ച് ഉറങ്ങാതിരിക്കുകയായിരുന്നു. ഇടക്കെപ്പഴോ അറിയാതെ കണ്ണൊന്ന് ചിമ്മിയാൽ ആനയുടെ ചിഹ്നം വിളി കേട്ട് ഞെട്ടിയുണരുകയായിരുന്നു. പാറയ്ക്ക് മുകളിൽ നിന്നും, ഇരുന്നും, കിടന്നും നേരം വെളുപ്പിച്ച സ്ത്രീകൾ വെളിച്ചം വീണതോടെയാണ് താഴെയിറങ്ങി നടക്കാൻ തുടങ്ങിയത്. ഇതിനിടയിലാണ് രക്ഷാപ്രവർത്തകരെ കണ്ട് മുട്ടിയത്.
വനത്തിനുള്ളിലെ പതിനാറ് മണിക്കൂർ രക്ഷാപ്രവർത്തനം
കുട്ടമ്പുഴയിലെ മൂന്ന് സ്ത്രീകളെ കാണാനില്ലെന്ന വിവരം പ്രദേശവാസികൾ ഫോറസ്റ്റ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, നാട്ടുകാർ ഉള്‍പ്പെടെ അമ്പതംഗ സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു തെരച്ചിൽ നടത്തിയത്. രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും സ്ത്രീകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ രണ്ടു സംഘങ്ങൾ മടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ മുപ്പതോളം വരുന്ന സംയുക്ത സംഘം കാട്ടിൽ തുടരുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ കാണാതായ സ്ത്രീകൾക്ക് വേണ്ടി തുടർച്ചയായ തെരച്ചിൽ നടത്തുകയായിരുന്നുവെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അൻസൽ പറഞ്ഞു. ഒടുവിൽ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കാട്ടിനെ കുറിച്ച് അറിയാവുന്ന ഫോറസ്റ്റ് വാച്ചർമാരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയായിരുന്നു തെരച്ചിൽ നടത്തിയത്.
തെരച്ചിൽ സംഘത്തെ കണ്ടുമുട്ടിയതോടെയാണ് പാറുക്കുട്ടി, ഡാർലി എന്നിവർ സുരക്ഷിതമായി കാടിറങ്ങിയത്. വിശപ്പടക്കാൻ വെള്ളവും പഴവും നൽകിയെങ്കിലും തങ്ങൾക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു സ്ത്രീകൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
കുട്ടമ്പുഴയ്ക്ക് ആശ്വാസമായ തിരിച്ചു വരവ്
ഒരു രാത്രി മുഴുവൻ വനാതിർത്തിയോട് ചേർന്ന കുട്ടമ്പുഴ പ്രദേശം തങ്ങളുടെ ഉറ്റവരായ സഹോദരിമാർക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ആശങ്കയുടെ പ്രഭാതത്തിൽ ആശ്വാസമായി ആ വിവരം ലഭിക്കുകയായിരുന്നു. തെരച്ചിൽ സംഘം സ്ത്രീകളെ കണ്ടെത്തിയെന്നും മൂവരും സുരക്ഷിതരാണന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതോടെ നാടൊന്നാകെ രക്ഷപ്പെട്ട സഹോദരിമാരെ സ്വീകരിക്കാൻ വാനാതിർത്തിൽ കാത്തിരുന്നു. ഒടുവിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉദ്യോഗസ്ഥർക്കൊപ്പം തിരിച്ചെത്തിയ തങ്ങളുടെ സഹോദരിമാരെ ഏറെ വൈകാരികമായി സ്വീകരിച്ചു. മായയുടെ പശുവിനെയാണ് ബുധനാഴ്‌ച കാട്ടിൽ കാണാതായതെങ്കിലും, കാട്ടിൽ പരിചയമുളള പാറുക്കുട്ടിയെയും സുഹൃത്ത് ഡാർലിയെയും കൂട്ടി ഇന്നലെ വൈകുന്നേരത്തോടെയാണ് മായ കാടു കയറിയത്.
ഇതിനിടയിൽ കാട്ടാന കൂട്ടത്തെ കണ്ടതോടെ ഇവർ ഭയന്നോടി ഉയരമുള്ള പാറയ്ക്ക് മുകളിൽ അഭയം തേടുകയായിരുന്നു. മായയുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു. കാട്ടാനയെ കണ്ട് ഓടി തങ്ങൾ വഴി തെറ്റി കാട്ടിൽ അകപ്പെട്ടതായി മായ മകനെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ ഓഫായതിനാൽ ഇവരെ ബന്ധപ്പെടാൻ കഴിയാതെ വരികയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവർത്തനം നടത്തി മൂന്ന് സ്ത്രീകളെയും സുരക്ഷിതമായി നാട്ടിലെത്തിച്ചത്.
Also Read:കുട്ടമ്പുഴ വനത്തില്‍ അകപ്പെട്ട സ്‌ത്രീകളെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ