തിരുവനന്തപുരം: കാലം മാറിയതോടെ വരുമാനം കണ്ടെത്താൻ ഉദ്യോഗം തന്നെ വേണമെന്നില്ലെന്നാണ് ജെൻ -Z എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇന്നത്തെ തലമുറയുടെ നിലപാട്. പഠന കാലത്ത് തന്നെ സംരംഭത്തിന്‍റെ വഴികൾ തേടുകയാണ് ഇന്നത്തെ യുവത്വം. വിദ്യാർഥികളെ സംരംഭത്തിലേക്ക് ആകർഷിക്കാൻ കെ ബിസിനസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കുടുംബശ്രീ.
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സാധ്യതകൾക്കും പുറമെ വിദ്യാർഥികളുമായി സഹകരിച്ചു സംരംഭകത്വത്തിനുള്ള അവസരങ്ങൾ കൂടി ക്യാമ്പസിൽ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീയുടെ കൃഷി വിഭാഗം അസിസ്റ്റന്‍റ് പ്രോഗ്രാം ഓഫിസർ ഹണി ഇ ടി വി ഭാരതിനോട് പറഞ്ഞു. വിവിധ ഭക്ഷ്യ വസ്‌തു ഉത്പന്നങ്ങളെക്കുറിച്ചും കാർഷിക മേഖലയിലെ ഡ്രോൺ ഉപയോഗത്തെ കുറിച്ചും കുടുംബശ്രീ പ്രവർത്തകർക്ക് വർഷങ്ങളായി പരിശീലനം ലഭിച്ചു വരുന്നുണ്ട്.
കാർഷിക മേഖലയിലെ ഡ്രോൺ ഉപയോഗത്തിന് കുടുംബശ്രീ പ്രവർത്തകർക്ക് ലൈസൻസുമുണ്ട്. പ്രവർത്തകരുടെ അനുഭവ പരിചയവും നൈപുണ്യവും പങ്കു വെച്ച് കോളജ് വിദ്യാർഥികളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നതെന്നും ഹണി വ്യക്തമാക്കി. വിവിധ കുടുംബശ്രീ ഉത്പന്നങ്ങളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗും ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ആദ്യം കുടുംബശ്രീയുടെ പ്രോഗ്രാം ഓഫിസർ കോളജ് അധികൃതരുമായി ബന്ധപ്പെടും. ബി കോം, ബി ബി എ, മാസ് കമ്മ്യൂണിക്കേഷൻ എന്നിങ്ങനെ വിവിധ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡ്രോൺ സാധ്യതകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവ കുടുംബശ്രീ പ്രവർത്തകർ നേരിട്ടെത്തി വിശദീകരിക്കും. ഇതിന് ശേഷം കുടുംബശ്രീയുടെ സഹകരണത്തോടെ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുടുംബശ്രീയുടെ സംവിധാനങ്ങളും ഉപയോഗപ്പെടുത്താം.
കുടുംബശ്രീയുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെട്ട സംരംഭമാണെങ്കിൽ സഹകരണ അടിസ്ഥാനത്തിൽ മാർക്കറ്റിംഗും ലക്ഷ്യമിടുന്നുണ്ട്. വ്യവസായിക അടിസ്ഥാനത്തിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ ഉത്പാദനത്തിന് യൂണിറ്റ് ആരംഭിക്കാനുമാകും.
ഉത്പാദന യൂണിറ്റ് ആരംഭിക്കാനും പിന്തുണ
ഡ്രോൺ, ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയുടെ സാധ്യത മനസിലാക്കി ഉത്പാദന യൂണിറ്റ് ആരംഭിക്കാനൊരുങ്ങുന്ന വിദ്യാർഥികൾക്ക് കുടുംബശ്രീ തന്നെ പിന്തുണ ഉറപ്പാക്കുമെന്നും കുടുംബശ്രീയുടെ കൃഷി വിഭാഗം അസിസ്റ്റന്‍റ് പ്രോഗ്രാം ഓഫിസർ ഹണി വ്യക്തമാക്കി. ഇതിനായി ചെറുകിട സംരംഭക രജിസ്ട്രേഷന് കുടുംബശ്രീ ജില്ലാ മിഷനുകൾ സൗകര്യമൊരുക്കും. ഉത്പന്നങ്ങളെ മാർക്കറ്റ് ചെയ്യാനുമാകും.
വിദ്യാർഥികളുടെ സങ്കൽപത്തിനനുസരിച്ചു സംരംഭം രൂപകൽപന ചെയ്യാമെന്നും ഹണി പറഞ്ഞു. എറണാകുളം എം ഇ എസ്, കോട്ടയം സെന്‍റ് ജിറ്റ്സ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമായി പദ്ധതി അവതരിപ്പിച്ചത്. രണ്ടു കോളജുകളിൽ നിന്നും വിദ്യാർഥികൾ സംരംഭത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇവർക്ക് ജില്ലാ മിഷൻ പരിശീലനവും സംരംഭക ആശയത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കും. അടുത്ത ഘട്ടത്തിൽ പാലക്കാടും തൃശൂരുമുള്ള കോളജുകളെ സമീപിക്കും. പദ്ധതിയിലേക്കുള്ള വിദ്യാർഥികളുടെ സമീപനം അനുകൂലമാണെന്ന് കണ്ടാൽ എല്ലാ ജില്ലയിലേക്കും വ്യാപിക്കുമെന്നും ഹണി വ്യക്തമാക്കി.
Also Read:
ജൈവ കൃഷിയില്‍ നൂറുമേനി വിളയിച്ച് അനുഗ്രഹ; നാട്ടിലെ താരമായി കുട്ടിക്കർഷക
സ്വര്‍ഗം താണിറങ്ങി വന്നതോ; മഞ്ഞണിഞ്ഞ് മൂന്നാര്‍, വിട്ടാലോ.. ഇതാണ് ബെസ്റ്റ് ടൈം