മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തം. സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുമായി റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസ് ഉപരോധിച്ച് കെഎസ്‌യു. രണ്ട് അലോട്ട്മെൻ്റുകൾ കഴിഞ്ഞിട്ടും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും സീറ്റ് ലഭിക്കാത്തതോടെയാണ് കെഎസ്‌യു സമരം കടുപ്പിച്ചത്.
നിരവധി കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനവുമായി എത്തിയാണ് റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസ് ഉപരോധിച്ചത്. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ ഓഫിസ് പരിസരത്ത് പൊലീസ് തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതിഷേധം കടുപ്പിച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
അതേസമയം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ട് പോലും സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് വിദ്യാർഥികൾ. സീറ്റ് ലഭിക്കാതെ വന്നതോടെ കുട്ടികളുടെ ഭാവിയോർത്ത് ആശങ്കയിലാണ് കുടുംബങ്ങളും. മൂന്നാമത്തെ അലോട്ട്മെൻ്റിലെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
Also Read: മലപ്പുറത്തെ പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം: അഡ്‌മിഷൻ തടസം മൂലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി