തിരുവനന്തപുരം : കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ കാറിന് പിന്‍വശത്ത് പതിച്ച ബാനര്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിയുമായി ജീവനക്കാർ. പാപ്പനംകോട് യൂണിറ്റ് ഓഫിസറാണ് നാരുവാമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാറും കെഎസ്‌ആര്‍ടിസി ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് കാറില്‍ കെഎസ്‌ആര്‍ടിസിക്കെതിരെ ബാനര്‍ സ്ഥാപിച്ചത്.
ജനുവരി 19ന് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ഒരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തിൽ കാറിന്‍റെ പിൻ ഭാഗം തകർന്നു. ഇതിന് പിന്നാലെയാണ് "കെഎസ്ആർടിസി ബസിന് എന്ത് അക്രമവും കാണിക്കാം" എന്ന് എഴുതിയ ബാനര്‍ കാറിന്‍റെ പിൻവശത്ത് സ്ഥാപിച്ചത്.
ബാലരാമപുരം വെടിവെച്ചാൻ കോവിലിന് സമീപമാണ് ബാനര്‍ പതിച്ച കാറുള്ളത്. അതേസമയം കാർ യാത്രികന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അപകടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ കെഎസ്ആർടിസിയേയും കെഎസ്ആർടിസിയിലെ മുഴുവൻ ഡ്രൈവർമാരെയും അപമാനിക്കുന്ന രീതിയിൽ ബാനര്‍ സ്ഥാപിച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത് അടിയന്തരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.