തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മില്‍ വാക്ക് തർക്കമുണ്ടാകുന്നതിന് മുൻപ് ഡ്രൈവർ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്ന് പൊലീസ് റിപ്പോർട്ട്. പൊലീസ് റിപ്പോർട്ട് ഉടൻ കെഎസ്ആർടിസിക്ക് നൽകും. സംഭവം നടക്കുന്ന ദിവസം ബസ് ഓടിക്കുന്നതിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
തൃശൂരിൽ നിന്ന് യാത്ര തുടങ്ങി പാളയം എത്തുന്നത് വരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. യദുവിന്‍റെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യദുവിനെ ജോലിക്കെടുക്കുന്ന സമയം വിവിധ കേസുകളിൽ പ്രതിയായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ജോലിക്ക് എടുത്തതെന്നും പൊലീസ് കെഎസ്ആർടിസിയെ അറിയിക്കും.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നോ നാളെയോ കമ്മീഷണർ ഓഫീസിൽ വെച്ച് കെഎസ്ആർടിസിക്ക് റിപ്പോർട്ട് കൈമാറും. മാത്രമല്ല മേയറും എംഎൽഎ സച്ചിൻദേവും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന യദുവിന്‍റെ പരാതിയിലും പൊലീസ് അന്വേഷണം നടത്തി പ്രാഥമിക കണ്ടെത്തലുകൾ കെഎസ്ആർടിസിക്ക് ഉടൻ കൈമാറും.
മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ടും യദുവിന്‍റെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിക്കും. സംഭവം നടന്നതിന് പിറ്റേ ദിവസം പകൽ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിന് സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.