കോഴിക്കോട്: കെഎസ്ആർടിസി കണ്ടക്‌ടറെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ (41) ആണ് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷിന് കോഴിക്കോടു നിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. കാസർകോട് ജോയിൻ ചെയ്‌തു ഡ്യൂട്ടിയെടുത്ത് മടങ്ങി കഴിഞ്ഞ ദിവസം വീട്ടിലെത്തിയതാണ്. തിങ്കളാഴ്‌ച ഭാര്യ വിജിനയുമായി ബാലുശ്ശേരിയിലെ ബാങ്കിൽപോയി ഇടപാടു നടത്തി ഒറ്റക്ക് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ മുറിയെടുത്തു. ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് സഹപ്രവർത്തകരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
സഹപ്രവർത്തകർ ലോഡ്‌ജിൽ അന്വേഷിച്ചപ്പോൾ അനീഷ് മുറിയെടുത്തതായി മനസിലായി. വാതിൽ തുറക്കാത്തതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാൽ മുമ്പും ട്രാൻസ്‌ഫർ ലഭിച്ചപ്പോൾ ജോലിക്കുപോകാൻ പല തവണ വൈമനസ്യം പ്രകടപ്പിച്ചിരുന്നു. തൊട്ടിൽപാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ടുവർഷത്തോളം ജോലിക്കുപോവാതിരുന്നതായി സഹപ്രവർത്തകർ പറയുന്നു.