കണ്ണൂർ: പ്രാദേശിക ടൂറിസം പദ്ധതികളിലൂടെ ഓളം സൃഷ്‌ടിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് കോഴിക്കോട്ടേക്ക് പുതിയ പാക്കേജ് ഒരുക്കുന്നു. മെയ് 19 മുതലാണ് സാമൂതിരിയുടെ നാട്ടിലേക്ക് യാത്രകൾ തുടങ്ങുന്നത്. അടുത്ത കാലത്ത് ഏറെ പ്രചാരം നേടിയ ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, മീന്തുള്ളിപ്പാറ, വാച്ച് ടവർ, കരയാത്തുംപാറ എന്നിങ്ങനെ കോഴിക്കോടിന്‍റെ പ്രകൃതിയെ അടുത്തറിയാൻ സാധിക്കുന്ന പാക്കേജ് ആണ് കെഎസ്ആർടിസി പുതുതായി ഒരുക്കുന്നത്.
ഏപ്രിൽ, മെയ് മാസത്തെ കണ്ണൂരിലെ പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷതേടൽ കൂടിയാകും പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള ഈ യാത്ര. രാവിലെ 6.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു രാത്രി 8.30ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. പ്രാതലും ഉച്ചഭക്ഷണവും ചായയും പാക്കേജിൽ ഉൾപ്പെടും.
ഫസ്‌റ്റ് പാസഞ്ചർ ബസിന് ഒരാൾക്ക് 960 രൂപയാണ് ചാർജ് ഈടാക്കുന്നത്. ചുരുങ്ങിയ ചെലവിൽ സുരക്ഷിതവും ഉത്തരവാദിത്വവും ആയ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന സർക്കാരിന്‍റെ ലക്ഷ്യമാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
വേനൽ ചൂടിന് ആശ്വാസമേകാൻ ഇടുക്കി, ഗവി, വയനാടൻ യാത്രകളും: മെയ് മാസത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റിൽ നിന്ന് വ്യത്യസ്‌തമായ യാത്രകളാണ് നടത്തുന്നത്. മെയ് 3, 10, 17, 24 തീയതികളിൽ വാഗമൺ ചതുരംഗപ്പാറ യാത്രയ്ക്ക് 4100 രൂപയാണ്. ഈ തീയതികളിൽ തന്നെ മൂന്നാർ, കാന്തല്ലൂർ യാത്രയ്ക്ക് 4,230 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
ഗവി കുമിളി യാത്ര 10, 23 തിയതികളിലും ഉണ്ടാകും. മെയ് 12ലെ വയനാടൻ ജംഗിൾ സഫാരിയിൽ ഒരാൾക്ക് 2,600 രൂപയാണ് ചാർജ്. കൂടാതെ എല്ലാ ഞായറാഴ്‌ചകളിലും വയനാട്ടിലേക്ക് ഏകദിന യാത്രകളും ഉണ്ടായിരിക്കും.