തിരുവനന്തപുരം: യാത്രക്കാരുടെ മികച്ച പ്രതികരണം കൊണ്ടും ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ സംസ്ഥാനത്താകാനമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആസ്ഥാന മന്ദിരമൊരുങ്ങുന്നു. തലസ്ഥാനത്ത് പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപമുള്ള കെഎസ്‌ആര്‍ടിസി സിറ്റി ഡിപ്പോയുടെ നോര്‍ത്ത് സ്റ്റാന്‍ഡിലാണ് ആസ്ഥാനം തയ്യാറാകുന്നത്.
തലസ്ഥാനത്ത് പ്രത്യേകിച്ച് പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന മറ്റ് സംസ്ഥാനക്കാരായ സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും കുറഞ്ഞ ചെലവില്‍ കെഎസ്ആര്‍ടിസി ബസില്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇവിടെ നിന്ന് നേതൃത്വം നല്‍കും. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ജില്ല ഓഫിസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഓഫിസിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ ബാങ്ക് ഓഫ് ബറോഡയാണ് സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ ഈ സ്ഥലത്ത് രാവിലെ 7 മുതല്‍ രാത്രി വരെ ആവശ്യമായ വിവരങ്ങള്‍ ചുമതലപ്പെട്ട ജീവനക്കാരില്‍ നിന്ന് ലഭിക്കും. വിവിധ യൂണിറ്റുകളില്‍ നിന്ന് ബജറ്റ് ടൂറിസം സംഘടിപ്പിക്കുന്ന യാത്രകളും തലസ്ഥാന ജില്ലയുടെ മുഖ്യ ആകര്‍ഷണമായ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് യാത്രയും പൊതുജനങ്ങള്‍ക്ക് ഈ ഓഫിസിലെത്തി നേരിട്ട് ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കും. ബജറ്റ് ടൂറിസം യാത്രകളെ സംബന്ധിച്ച യാത്രക്കാരുടെ നിര്‍ദ്ദേശങ്ങളും ഈ ഓഫിസില്‍ സ്വീകരിക്കും.
ബജറ്റ് ടൂറിസം സെല്‍ തിരുവനന്തപുരം ജില്ല ഓഫിസിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം നവംബര്‍ 1 വെള്ളിയാഴ്‌ച രാവിലെ 9.30 മണിക്ക് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്‌ടര്‍ പിഎസ് പ്രമോജ് ശങ്കര്‍ നിര്‍വഹിക്കും. ചടങ്ങില്‍ നിംസ് എംഡി ഡോ: ഫൈസല്‍ ഖാന്‍ ,ചലച്ചിത്രതാരം പൂജപ്പുര രാധാകൃഷ്‌ണന്‍, ബാങ്ക് ഓഫ് ബറോഡ റീജിയണല്‍ മാനേജര്‍ വിഎസ്‌വി ശ്രീധര്‍, ബിടിസി ചീഫ് ട്രാഫിക് മാനേജര്‍ ആര്‍ ഉദയകുമാര്‍, കെഎസ്ആര്‍ടി സി സിറ്റി യൂണിറ്റ് ഓഫിസര്‍ സി പി.പ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും.