ഇടുക്കി: വാഗമണ്ണിൽ അരലക്ഷം രൂപ വൈദ്യുതി ബിൽ ലഭിച്ച വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയുടെ ഒറ്റമുറി വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. ഇവർക്ക് അമിത വൈദ്യുത ബിൽ കിട്ടിയതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്‌ഛേദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ആദ്യ ഗഡു പണം അടച്ചതോടെയാണ് കെഎസ്‌ഇബി വൈദ്യുതി പുനഃസ്ഥാപിച്ചത്.
വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന അന്നമ്മക്ക് 49,170 രൂപയുടെ ബില്ലാണ് കിട്ടിയത്. പഞ്ചായത്ത് അംഗം മായാ സുജി ആദ്യ ഗഡുവായ 1584 രൂപ അടച്ചതോടെയാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇതിൽ 584 രൂപ കഴിഞ്ഞ രണ്ടു മാസത്തെ ബില്ലാണ്. ഭീമമായ വൈദ്യുതി ബിൽ ലഭിച്ചതോടെ അന്നമ്മ പരാതിയുമായി കെഎസ്‌ഇബി പീരുമേട് സെക്ഷൻ ഓഫീസിൽ എത്തി പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
മാത്രമല്ല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അന്നമ്മ പരാതിപ്പെട്ടിരുന്നു. പരാതി കെഎസ്‌ഇബി കൺസ്യുമർ ഗ്രീവൻസ് ഫോറത്തിന്‍റെ പരിഗണനയിലാണ്. ബാക്കി തുക അടയ്‌ക്കേണ്ടതടക്കമുള്ള കാര്യങ്ങൾ ഫോറമാണ് തീരുമാനിക്കേണ്ടത്.
അന്നമ്മയ്ക്ക് അമിത ബിൽ കിട്ടിയ സംഭവം മാധ്യമങ്ങളില്‍ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സംഭവത്തിൽ ഇടപെടുകയും മനുഷ്യാവകാശ കമ്മീഷന് അടക്കം പരാതികൾ നൽകുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച വകുപ്പ് മന്ത്രി ഇടപെടുകയും കെഎസ്‌ഇബി തൊടുപുഴ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറിൽ നിന്ന് റിപ്പോർട്ട് വാങ്ങുകയും ചെയ്‌തു.
മന്ത്രി ഇടപെട്ടിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കിൽ ഇഎൽസിബി സ്ഥാപിക്കണമെന്നതും വീട്ടിലെ വയറിങ്ങിൽ മാറ്റം വരുത്തണമെന്നും കെഎസ്‌ഇബി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പണവും ഗ്രാമ പഞ്ചായത്ത് അംഗമാണ് മുടക്കിയത്. അമിത ബിൽ കിട്ടിയ സംഭവത്തിൽ കെഎസ്‌ഇബി വിജിലൻസ് അന്വേഷണം നടത്തി വരുകയാണ്.
ALSO READ : മഴ നേരത്തേയെത്തി, വൈദ്യുത ബോര്‍ഡിന് കോളടിച്ചു ; കോടികളുടെ സാമ്പത്തിക നേട്ടം