തിരുവനന്തപുരം: അപേക്ഷകളിലും കണക്ഷനുകളിലുമടക്കം പരാതികള്‍ ഉയരുന്നതിനിടെ അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്‌ഇബി. പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകുമെന്ന് കെഎസ്‌ഇബി അറിയിച്ചു.
സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ആദ്യ അപേക്ഷയ്ക്ക് ആദ്യ സേവനം എന്ന നിലയിലാകും അപേക്ഷകള്‍ പരിഗണിക്കുക എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു. അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റ് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്‌സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിന് കഴിയും.
മീറ്റർ റീഡിങ് എടുക്കുമ്പോൾ തന്നെ ബില്ലടയ്ക്കാം; പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി
മീറ്റർ റീഡിങ് എടുക്കുമ്പോൾ തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍ വിജയമെന്ന് കെഎസ്‌ഇബി. പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്‌കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും.
യാത്ര ചെയ്‌ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും സഹായകരമാണ് ഈ പദ്ധതിയെന്ന് കെഎസ്ഇബി പറഞ്ഞു. ബില്ലടയ്ക്കാന്‍ മറന്ന് പോകുന്നത് മൂലം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്‍റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ അധിക തുകയോ നല്‍കേണ്ടതില്ല. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
Also Read: രാജ്യത്ത് ആദ്യം; ഹൈ-ടെക് ചാർജിങ് സ്റ്റേഷനുകളുമായി കെഎസ്ഇബി, വൈഫൈ മുതല്‍ റെസ്റ്റോറന്‍റ് വരെ