തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തെരുവ് നാടകവുമായി കെപിസിസി. പ്രചാരണ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച തെരുവ് നാടകം തിരുവനന്തപുരം തമ്പാനൂരിൽ കെപിസിസി പ്രസിഡന്‍റ് എംഎം ഹസൻ ഉദ്ഘാടനം ചെയ്‌തു. 'ഇന്ത്യ എന്‍റെ രാജ്യമാണ്' എന്ന തെരുവ് നാടകം കെപിസിസി സംസ്ഥാന സെക്രട്ടറിയും പ്രശസ്‌ത സിനിമ സംവിധായകനുമായ ആര്യാടൻ ഷൗക്കത്ത് രചിച്ച് നാടകകലാകാരൻ എൻവി പ്രതീപ് കുമാറിന്‍റെ ഏകോപനത്തിലാണ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരായ നാടക കലാകാരന്മാരാണ് തെരുവ് നാടകം അവതരിപ്പിക്കുക. ദിവസേന മൂന്നിടത്താണ് നാടകാവതരണം. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിമർശിച്ചു കൊണ്ടുള്ള തെരുവ് നാടകം എല്ലാ ജില്ലകളിലും നടത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ ലോക്‌സഭ മണ്ഡലങ്ങളിലും അതാത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാകും തെരുവ് നാടക സംഘത്തിന് സൗകര്യങ്ങളൊരുക്കുക.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലല്ല മത്സരമെന്നും രണ്ട് ആശയങ്ങൾ തമ്മിലാണ് മത്സരമെന്നും തിരുവനന്തപുരത്ത് തെരുവ് നാടകത്തിന്‍റെ ആദ്യ പ്രകടനം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എംഎം ഹസൻ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യമെന്ന നിലയിലാണ് ഇന്ത്യ ലോകത്തിന് മുന്നിൽ തലയുയർത്തി നില്‍കുന്നത്.
ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും വോട്ടുമായല്ല 2016 ൽ ബിജെപി അധികാരത്തിൽ വരുന്നത്. 63 ശതമാനം വോട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര സംഘടനകൾക്ക് ലഭിച്ചു. ഇന്ത്യ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും എംഎം ഹസൻ പറഞ്ഞു.