കോഴിക്കോട് : വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾ മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും (Kozhikode to Wayanad Tunnel Way). തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ലഭിച്ചാൽ മെയ്‌മാസത്തിൽ തന്നെ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്‍റോ തോമസ് പറഞ്ഞു. അടുത്ത മാസത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാകും.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റാണ്. നിലവിൽ 45 പേരാണ് സ്ഥലം വിട്ടുതരേണ്ടത്. ഇതിൽ 43 പേരും സ്ഥലം വിട്ടുതന്നു. 15 പേർക്ക് പണം കൈമാറുകയും ചെയ്‌തു. ജംപിഗ് യാർഡിന് (അവശിഷ്‌ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലം) ആവശ്യമായ 12 ഏക്കറിൽ 6 ഏക്കർ സ്ഥലം ലഭിച്ചുകഴിഞ്ഞു.
2 ഭൂവുടമകളുടെ പരാതിയെത്തുടർന്ന് അവരുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയാണ്. ദേശീയ പദ്ധതി ആയതുകൊണ്ട് തന്നെ ഇതിനെതിരെ കൊങ്കൺ റെയിൽ കോർപറേഷൻ (കെ ആർ സി) അപ്പീൽ പോകും. പ്രവൃത്തി ആരംഭിക്കുന്നതിന് നിലവിൽ തടസങ്ങൾ ഒന്നുമില്ലെന്നും എംഎൽഎ പറഞ്ഞു.
പദ്ധതിയുടെ പ്രാരംഭ നടപടിയുടെ ഭാഗമായി തുരങ്കത്തിലേക്കുള്ള അനുബന്ധ പാത സംസ്ഥാന പാതയായി (രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ്) സർക്കാർ പ്രഖ്യാപിച്ചു. കുന്ദമംഗലം മുതൽ മേപ്പാടി വരെയുള്ള റോഡ് സംസ്ഥാന പാത 83 എന്ന പേരിൽ സർക്കാർ വിജ്ഞാപനമിറക്കി.
സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയെക്കുറിച്ച് പരാമർശമുണ്ടാത് വലിയ പ്രതീക്ഷയായിരുന്നു. '82, 383 കോടി രൂപ ചെലവ് വരുന്ന 1073 പദ്ധതികൾ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. 8.11 കി. മീ നീളവും നാല് വരി പാതയുമുള്ള ഇരട്ട തുരങ്കപാത എന്ന പ്രത്യേകതയോട് കൂടിയ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കമാണ് ശ്രദ്ധേയമായൊരു സംരംഭം. ഇത് താമരശേരി ചുരം റോഡിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുകയും കോഴിക്കോട് വയനാട് ജില്ലകൾ തമ്മിലുള്ള കണക്‌ടിവിറ്റി വർധിപ്പിക്കുകയും ചെയ്യും' - ഇതാണ് നയപ്രഖ്യാപനത്തിലെ പരാമർശം.
1643. 33 കോടി രൂപയാണ് അനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്ക പാതയ്ക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. 2020ലാണ് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി തുരങ്കപാത പ്രഖ്യാപിച്ചത്. തുടർന്ന് കൊങ്കൺ റെയിൽവെ അധികൃതരുടെ നേതൃത്വത്തിൽ പഠനം നടത്തി. സർവേ പൂർത്തിയാക്കി ടെൻഡറും ക്ഷണിച്ചു.
ടെൻഡർ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയതോടെയാണ് നടപടി ക്രമങ്ങൾ നീണ്ടത്. മൂന്ന് മാസത്തിനകം നിർമാണ കമ്പനിയെ കണ്ടെത്തി പദ്ധതി ഏൽപ്പിക്കാനാണ് കൊങ്കൺ റെയിൽവേയുടെ ശ്രമം. നാലുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയ പാത 766ന്‍റെ ഭാഗമായ താമരശേരി ചുരത്തിൽ ദിനം പ്രതി ഗതാഗത കുരുക്ക് വർധിച്ച് വരികയാണ്. ഗതാഗത കുരുക്കിന്‍റെ പേരിൽ റെക്കോഡിട്ട ചുരത്തിൽ രാപ്പകലില്ലാതെ കുടുങ്ങിയവർക്ക് കണക്കില്ല. മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാൻ മലബാറുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ചുരത്തെയാണ്.
ദിവസവും ഏകദേശം മുപ്പതിനായിരത്തോളം വാഹനങ്ങൾ ചുരം വഴി കടന്നുപോകുന്നു എന്നാണ് കണക്ക്. എന്നാൽ ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ ചുരം റോഡിന് ശേഷിയുമില്ല. അതുകൊണ്ട് തന്നെ ബദൽപാതയ്‌ക്കായുളള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്.
പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ നീളമേറിയ തുരങ്കപാതകളുടെ പട്ടികയിൽ ഈ ഇരട്ട തുരങ്കപാതയും സ്ഥാനം പിടിക്കും. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ചെനാനി-നശ്രീ ടണൽ എന്നറിയപ്പെടുന്ന ഡോ. ശ്യാമ പ്രസാദ് മുഖർജി ടണലും ഹിമാചൽ പ്രദേശിലെ ലേ-മണാലി ഹൈവേയിൽ നിർമ്മിച്ചിരിക്കുന്ന അടൽ തുരങ്കവുമാണ് നീളത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ജമ്മു കശ്‌മീരിലെ ബനിഹാല്‍ – ഖാസിഗുണ്ട്, തൃശൂരിലെ കുതിരാൻ എന്നിവയും നീളത്തിന്‍റെ കാര്യത്തിൽ തൊട്ടുപിന്നിലുണ്ട്. എന്നാൽ 2018ൽ പ്രവൃത്തി ആരംഭിച്ച് ഇപ്പോഴും പണി തുടരുന്ന ഹിമാലയത്തിലെ സോജി ലാ തുരങ്കം പൂർത്തിയാകുമ്പോൾ എല്ലാ റെക്കോർഡുകളും പഴങ്കഥയാകും. 14.2 കിലോമീറ്റർ നീളത്തിൽ കുതിരപ്പടയുടെ ആകൃതിയിലാണ് സോജി ലാ പൂർത്തിയാവുക.