കോഴിക്കോട്: മധുര പലഹാരങ്ങളുടെ നാട്ടിൽ മായമോ..? ഭക്ഷ്യ വസ്‌തുക്കളിൽ മായം കലർത്തിയ കേസുകൾ കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് 'നമ്മളെ കോഴിക്കോട്ട്'. കിഡ്‌നിയെയും കരളിനേയും അതിമാകമായി ബാധിക്കുന്ന 'റോഡാമിൻ ബി' എന്ന രാസവസ്‌തുവിന്‍റെ ഉപയോഗമാണ് ഇതിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പഞ്ഞി മിഠായി (കോട്ടണ്‍ ക്യാന്‍ഡി) നിരോധിക്കാന്‍ കാരണം ഈ റോഡമിന്‍ ബി എന്ന രാസവസ്‌തുവാണ്.
വസ്‌ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഈ രാസവസ്‌തു ശർക്കരയ്‌ക്ക് നിറം വർധിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഈ ശർക്കര പൊതു ഉപയോഗത്തിനായി വിതരണം നടത്തുകയും ചെയ്‌തിട്ടുണ്ട്. ബേക്കറികളും ഹോട്ടലുകളും ഭക്ഷണ സാധനങ്ങൾക്ക് നിറവും രുചിയും നൽകാൻ അനുവദനീയമല്ലാത്ത രാസവസ്‌തുക്കൾ ഉപയോഗിച്ചെന്നും കണ്ടെത്തി.
അനുവദനീയമായ കളറുകൾ അളവിൽ കൂടുതൽ ഉപയോഗിച്ചതടക്കം 282 കേസുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം രജിസ്‌റ്റർ ചെയ്‌തത്. ഇതില്‍ 735 എണ്ണത്തിൽ പിഴയിട്ടു. മുപ്പത് ലക്ഷത്തിലേറെ (31,18,500) തുകയാണ് പിഴയിനത്തിൽ ഈടാക്കിയത്. 13 ഫുഡ് ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിൽ വിപുലമായ പരിശോധന നടത്തിയാണ് ഇത്രത്തോളം കുറ്റകൃത്യങ്ങൾ കണ്ടെത്തിയതെന്ന് ഫുഡ് & സേഫ്റ്റി അസി. കമ്മീഷണർ എ സക്കീർ ഹുസൈൻ ഇടിവി ഭാരതിനോട് പറഞ്ഞു.
'ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ 137 പ്രോസിക്യൂഷൻ കേസുകളും റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ 145 അഡ്‌ജുഡിക്കേഷൻ കേസുകളും ഉൾപ്പെടെ ആകെ 282 കേസുകളുണ്ട്. ഇതിൽ ഒരു കേസിന്‍റെ വിധി ഇന്നലെ വന്നു. 4,131 നിരീക്ഷണ സാമ്പിളുകളും 1,134 നിയമാനുസൃത സാമ്പിളുകളും ശേഖരിച്ചതിന് പുറമെ 5,810 പരിശോധനകളാണ് സ്‌ക്വാഡുകൾ നടത്തിയത്'- അദ്ദേഹം കൂട്ടിച്ചേർത്തു.
2023-24 വര്‍ഷത്തെ പരിശോധന കണക്കുകള്‍ ഇങ്ങനെ :
- നടന്ന പരിശോധനകളുടെ എണ്ണം - 5810
- നിരീക്ഷണ സാമ്പിളുകള്‍ - 4131
- നിയമാനുസൃത സാമ്പിളുകള്‍- 1134
- റവന്യു ഡിപ്പാര്‍ട്ട്മെന്‍റിലെ അഡ്‌ജുഡിക്കേഷൻ കേസുകള്‍ - 145
- ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റിലുള്ള കേസുകള്‍- 137
- പിഴ ചുമത്തിയ കേസുകള്‍ - 735
- ആകെ ഈടാക്കിയ പിഴത്തുക - 3118500
മായം ചേർത്ത ഭക്ഷണം കഴിച്ച് മരണം സംഭവിച്ചു എന്ന് തെളിഞ്ഞാൽ ചുരുങ്ങിയത് ഏഴ് വർഷം വരെയാണ് ജയിൽ ശിക്ഷ. 5 ലക്ഷം രൂപ പിഴയും നൽകണം. കേസിന്‍റെ സ്വഭാവം അനുസരിച്ച് ശിക്ഷ കൂടും. ഭക്ഷണം കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സംഭവങ്ങളിൽ ചുരുങ്ങിയത് 3 മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
അതിലും കേസിന്‍റെ സ്വഭാവം അനുസരിച്ച് ശിക്ഷ വർധിക്കാം. വൃത്തിഹീനമായ സാഹചര്യത്തിലെ പ്രവർത്തനം അടക്കം നേരിട്ട് ആരോഗ്യ പ്രശ്‌നമില്ലാത്ത കേസുകളിൽ പ്രാഥമികമായി പിഴ ചുമത്തും. പ്രവൃത്തി തുടർന്നാൽ അഡ്‌ജുഡിക്കേഷൻ കേസായി ആർഡിഒ കോടതിയിലെത്തും. കുറ്റപത്രം സമർപ്പിക്കാൻ ഒരു വർഷം വരെ സമയ പരിധിയുള്ളത് കൊണ്ട് ഭക്ഷണത്തിൽ മായം ചേർത്ത കേസുകളിൽ അടക്കം വിധി വരാൻ കാലതാമസം നേരിടുകയാണ്.
ഭക്ഷണത്തിന് പേര് കേട്ട കോഴിക്കോടിന്‍റെ പേരിന് കളങ്കം വരാതിരിക്കാൻ വലിയ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 'നിറമല്ല രുചി' എന്ന പേരിൽ തുടങ്ങിയ ക്യാമ്പയിൻ വിപുലമാക്കാനാണ് പദ്ധതി. നിറം ചേർക്കാത്ത പലഹാരങ്ങൾ വിൽക്കാൻ കടകൾ തയ്യറാവുന്നുണ്ട്. പൊതുജനങ്ങളും ഇത് ഉൾക്കൊണ്ട് സഹകരിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റേയും അഭ്യർത്ഥന.
എന്താണ് റോഡമിൻ-ബി?
വസ്‌തുക്കള്‍ക്ക് ചുവപ്പ്, പിങ്ക് നിറം വരാന്‍ സഹായിക്കുന്ന കളറിങ് ഏജൻ്റാണ് റോഡമിൻ-ബി. ടെക്‌സ്‌റ്റൈൽ, പേപ്പർ, ലെതർ, പെയിൻ്റ് വ്യവസായങ്ങളിൽ ചായം പൂശാൻ സാധാരണയായി ഈ രാസവസ്‌തു ഉപയോഗിക്കാറുണ്ട്.
പൊടി രൂപത്തിൽ റോഡമിന്‍ ബി-ക്ക് പച്ച നിറമാണെങ്കിലും വെള്ളത്തിൽ ചേർക്കുമ്പോൾ പിങ്ക് നിറമായി മാറും. പിങ്ക് നിറത്തിലുള്ള ഷേഡുകളിൽ കാണപ്പെടുന്ന പഞ്ഞി മിഠായിയില്‍ റോഡമിൻ ബി ഉപയോഗിക്കുന്നുണ്ട്.
ഈ രാസവസ്‌തു വയറ്റിൽ ചെന്നാൽ ക്യാൻസറിന് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. എന്നിരുന്നാലും വിവിധ ഭക്ഷ്യ വസ്‌തുക്കളുടെ നിർമ്മാണം, പാക്കേജിങ്, ഇറക്കുമതി, വിൽപ്പന എന്നിവയിൽ റോഡമിന്‍ ബി അഡിറ്റീവായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ചെറിയ അളവിൽ കഴിച്ചാല്‍ പോലും റോഡമിന്‍ ബി അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. പതിവായി അകത്ത് ചെന്നാല്‍ തലച്ചോറിലെ സെറിബെല്ലം ടിഷ്യുവിനും തലച്ചോറിനെ സുഷുമ്‌നാ നാഡിയുമായി ബന്ധിപ്പിക്കുന്ന മസ്‌തിഷ്‌ക കോശത്തിനും ഗുരുതരമായ നാശമുണ്ടാക്കും.
മധുര പലഹാരങ്ങൾ, നിറമുള്ള മിഠായികൾ, ചുവന്ന മുളക്, മുളകു പൊടി, കറിപ്പൊടി, സോസുകൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിലും റോഡമിന്‍ ബി കാണപ്പെടുന്നുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങൾ:
- റോഡമിന്‍ ബി നിരവധി ന്യൂറോളജിക്കൽ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
- റോഡമിന്‍ ബിയുടെ ഉപയോഗം കാലക്രമേണ മനുഷ്യന്‍റെ ഓര്‍മ ശേഷിയെ ബാധിക്കും.
- അലർജി, മുഖം, ചുണ്ട് നാവ് തൊണ്ട എന്നിവയില്‍ വീക്കം, കഠിനമായ വയറുവേദന, ഓക്കാനം ചര്‍ദ്ദി, ശ്വസ തടസം എന്നിവയൊക്കെ റോഡമിന്‍ ബി ശരീരത്തിലെത്തിയാല്‍ ഉണ്ടാകും.
- റോഡമിന്‍ ബി-യുമായി നേരിട്ട് സമ്പര്‍ക്കം വന്നാല്‍ ചർമ്മത്തില്‍ ചുവപ്പ്, ചൊറിച്ചിൽ, തിണർപ്പ് തുടര്‍ന്ന ലക്ഷണങ്ങളുണ്ടാകും. കണ്ണിലും അസ്വസ്ഥത ഉണ്ടാകും.
Also Read : ഓപ്പറേഷന്‍ ലൈഫ്: സംസ്ഥാനത്ത് 107 ഹോട്ടലുകൾ അടച്ചുപൂട്ടി - FOOD AND SAFETY DEPARTMENT RAID