കോഴിക്കോട്: കാപ്പാട് തീരത്ത് അതിശക്തമായ കാറ്റ് വീശിയടിച്ചതിനെ തുടർന്ന് 9 കാറ്റാടി മരങ്ങൾ കടപുഴകി. വാസ്കോ ഡ ഗാമ റിസോർട്ടിന് സമീപം ഉണ്ടായിരുന്ന രണ്ട് തട്ടുകടകളിൽ ഒരെണ്ണം പൂർണ്ണമായി തകർന്നു. ശക്തമായ മഴയിലും കാറ്റിലും 6 ഇലക്ട്രിക് പോസ്‌റ്റുകൾ മുറിഞ്ഞ് വീണു. ജോലിയിൽ ഉണ്ടായിരുന്ന 4 ലൈഫ് ഗാർഡുകൾ അടക്കം 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ (ജൂലൈ 18) രാവിലെ 10.30 ഓടെ വീശിയടിച്ച കാറ്റാണ് ദുരന്തം വിതച്ചത്. ലൈഫ് ഗാർഡുകൾ വിശ്രമിക്കുന്ന പഴയ കെട്ടിടത്തിൻ്റെ ശുചിമുറിയിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കെട്ടിടത്തിനകത്തും പുറത്തുമായി ലൈഫ് ഗാർഡുമാരായ കെ അനീഷ് , ടി ഷിജിൽ, അമൽ ജിത്ത്, ക്ലീനിങ് സ്‌റ്റാഫ് എം കെ രഞ്ജിത്ത്, സെക്യൂരിറ്റി സോമനാഥ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവരുടെ ബൈക്കുകൾക്ക് സമീപമായാണ് കാറ്റാടി മരങ്ങൾ കടപുഴകിയത്. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിവരം അറിഞ്ഞ് കൊയിലാണ്ടി പൊലീസും കൊയിലാണ്ടി ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
Also Read: കനത്ത മഴ: പകർച്ച വ്യാധികളില്‍ വലഞ്ഞ് ഇടുക്കി; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്